ന്യൂഡൽഹി: കർണാടകയിൽ ജെഡിഎസ്-കോണ്ഗ്രസ് സർക്കാരിനെ വലിച്ചിട്ടു ബിജെപി അധികാരം പിടിച്ചെടുത്ത ഓപ്പറേഷൻ ലോട്ടസ് കുതിരക്കച്ചവടത്തിനു പിന്നിലും ഫോൺ ചോർത്തുന്ന ഇസ്രേലി ചാര സോഫ്റ്റ്വേർ പെഗാസസ്.
2019 ജൂലൈയിലാണ് എച്ച്.ഡി. കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് അധികാരത്തിൽനിന്നു പുറത്തായത്.
2018നും 2019നും ഇടയിൽ കുമാര സാമിയുടെ പേഴ്സണൽ സെക്രട്ടറി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേഴ്സണൽ സെക്രട്ടറി, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡയുടെ സുരക്ഷ ഉദ്യോഗസ്ഥൻ എന്നിവരുടെ ഫോണുകളിൽനിന്നു വിവരങ്ങൾ ചോർന്നിരുന്നു എന്നാണു പെഗാസസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്നു പുറത്തുവരുന്ന വിവരം.
ഇതേസമയം കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫോണും നിരീക്ഷിച്ചിരുന്നു. അക്കാലത്ത് താൻ ഉപയോഗിച്ചിരുന്ന ഫോണ് നന്പർ ഉപേക്ഷിച്ച് രാഹുൽ പുതിയൊരു ഫോണ് നന്പർ എടുത്തെങ്കിലും 2018 മുതൽ ഈ ഫോണ് നന്പറും നിരീക്ഷണത്തിലായി.
എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി മന്ത്രിസഭ അധികാരം പിടിച്ചു നിർത്താൻ പെടാപ്പാട് പെടുന്നതിനിടെ മുഖ്യമന്ത്രിയുടെ പേഴ്ണസൽ സെക്രട്ടറി സതീഷിന്റെ രണ്ടു ഫോണ് നന്പറുകളും നിരീക്ഷണത്തിലായിരുന്നു.
ഈ ഫോണ് നന്പറുകൾ 2019ൽ താൻ ഉപയോഗിച്ചിരുന്നതാണെന്ന് സതീഷ് സ്ഥിരീകരിച്ചു. കർണാടക മുൻമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന സിദ്ധരാമയ്യയുടെ പേഴ്സണൽ സെക്രട്ടറി വെങ്കടേഷിന്റെയും ഫോണ് ഈ സമയത്തു ചോർത്തി.
സ്വന്തമായി മൊബൈൽ ഫോണ് ഉപയോഗിക്കാറില്ലാത്ത സിദ്ധരാമയ്യ ഏറെയും ആശയവിനിമയങ്ങൾ നടത്തിയിരുന്നത് പേഴ്സണൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഉപയോഗിച്ചായിരുന്നു.
മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മഞ്ജുനാഥ് മുദ്ദെഗൗഡ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിൽനിന്നു പോലും വിവരങ്ങൾ ചോർത്തിയിരുന്നു. അതോടൊപ്പം കർണാടക ഉപമുഖ്യമന്ത്രിയായിരുന്ന കോണ്ഗ്രസ് നേതാവ് ജി. പരമേശ്വരയുടെ ഫോണിലും പെഗാസസിന്റെ ചാരക്കണ്ണ് പതിഞ്ഞിരുന്നു.
ഭരണപക്ഷ എംഎൽഎമാർ കൂറുമാറി രാജിവച്ചതാണ് കർണാടകയിൽ സഖ്യകക്ഷി സർക്കാർ വിശ്വാസവോട്ടെടുപ്പിനെ നേരിടേണ്ട അന്തരീക്ഷം ഒരുക്കിയത്.
ഭരണകക്ഷി എംഎൽഎമാരെ ചാക്കിട്ടു പിടിച്ചു കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ബിജെപി അധികാരം പിടിച്ചെടുക്കുകയാണെന്ന് അന്നു ജെഡിഎസും കോണ്ഗ്രസും ആരോപിച്ചിരുന്നു.
തുടർന്നാണ് ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ കർണാടകയിൽ ബിജെപി സർക്കാഅധികാരത്തിൽ വന്നത്.
സെബി മാത്യു