തിരുവനന്തപുരം: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് മോദി സര്‍ക്കാര്‍ വാങ്ങിയത് ആയിരം കോടി രൂപ ചെലവഴിച്ചാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്.
കോവിഡും സാമ്പത്തിക പ്രതിസന്ധിയുംമൂലം ജനങ്ങള്‍ മുഴുപ്പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുമ്പോഴാണ് രാജ്യത്തെ പ്രമുഖരുടെ രഹസ്യം ചോര്‍ത്താന്‍ മോദി സര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് മൊബൈലിലെ കാമറയും മൈക്രോ ഫോണും വരെ തുറക്കാന്‍ സാധിക്കും. ഫോണിന് സമീപമുള്ള കാര്യങ്ങള്‍, ഫോണിന്റെ പാസ് വേര്‍ഡ്, ഫോണില്‍ സേവ് ചെയ്തിട്ടുള്ളവരുടെ വിവരങ്ങള്‍, ടെക്സ്റ്റ് മെസേജ്, പരിപാടികള്‍, വോയ്സ് കോള്‍ തുടങ്ങിയവയെല്ലാം ചാര സോഫ്റ്റ്വെയര് പിടിച്ചെടുക്കുന്നു.
ഓരോ രാഷ്ട്രീയപാര്‍ട്ടിക്കും വ്യക്തിക്കും അവകാശപ്പെട്ട മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തവിധം നാടിന്റെ അച്ചടക്കവും സ്വകാര്യതയുമാണ് മോദി സര്‍ക്കാര്‍ തച്ചുടച്ചതെന്നും സുധാകരന് പറഞ്ഞു.
ഓരോ പാര്‍ട്ടിയുടെയും ആഭ്യന്തര വിഷയങ്ങള്‍ ചോര്‍ത്തിയ കിരാത നടപടിയാണിത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളാണ് ചോര്‍ത്തിയത്. രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയാല്‍ കോണ്‍ഗ്രസ് വൈകാരികമായി തന്നെ പ്രതികരിക്കുമെന്ന് സുധാകരന് കൂട്ടിച്ചേർത്തു.