പയ്യന്നൂര്‍:കരിവെള്ളൂര്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തി മൂന്നരലക്ഷത്തോളം രൂപ സൂക്ഷിച്ച ലോക്കര്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം വഴിമുട്ടി.
സംഭവസ്ഥലത്തുനിന്ന് വിരലടയാളങ്ങളോ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങളോ ലഭിക്കാത്തതിനാല്‍ പ്രതികളിലേക്കെത്താനാവുന്നില്ല എന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
കഴിഞ്ഞ ജൂലൈ 17ന് രാവിലെയാണ് കരിവെള്ളൂര്‍ പാലക്കുന്നിലെ പെട്രോള്‍ പമ്പിന്റെ ഷട്ടറും അകത്തെ ഗ്ലാസും തകര്‍ത്ത് ഓഫീസിനകത്ത് പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ കടത്തിക്കൊണ്ടുപോയ സംഭവമുണ്ടായത്.
പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ്, പ്രിന്‍സിപ്പല്‍ എസ്ഐ പി.ബാബുമോന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അന്വേഷണത്തില്‍ സംഭവ സ്ഥലത്ത് പ്രതികള്‍ ഉപേക്ഷിച്ച് കളഞ്ഞ മഴുവും പാരയും വന്ന വഴി പോലീസ് തിരിച്ചറിഞ്ഞിരുന്നു.സംശയിക്കുന്ന ചിലരെ പോലീസ് ചോദ്യം ചെയ്യുകയുമുണ്ടായി. ചിലരുടെ കോള്‍ ലിസ്റ്റുകള്‍ പരിശോധനാവിധേയമാക്കി.
വെളിച്ചം കുറവായ സാഹചര്യം മുതലെടുത്താണ് തലമറച്ച് കൈകളില്‍ ഗ്ലൗസുകളും ധരിച്ച് ഷട്ടറും അകത്തെ ഗ്ലാസ് കാന്പിനും തകര്‍ത്ത് കവര്‍ച്ച നടത്തിയിട്ടുള്ളത് എന്ന് അന്വേഷണത്തില്‍ ബോധ്യമായിരുന്നു.
സിസി ടി വി ദൃശ്യങ്ങള്‍ അവ്യക്തമായിരുന്നതും വിരലടയാളങ്ങള്‍ ലഭിക്കാത്തതും പോലീസിന് മുന്നില്‍ വലിയ വെല്ലുവിളിയായി മാറി.
3,44,720 രൂപയും ചെക്കുകളും ലോക്കറിലുണ്ടായിരുന്നുവെന്ന് പെട്രോള്‍ പമ്പ് മാനേജര്‍ എടാട്ടെ ലസിത പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.ഈ പരാതിയില്‍ കേസെടുത്ത പോലീസിന്റെ അന്വേഷണമാണ് ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുന്നത്.
അതേ സമയം മോഷണം നടന്ന പെട്രോള്‍ പമ്പില്‍ വര്‍ഷങ്ങളായി ജോലിചെയ്തുവന്നിരുന്ന നിടുവപ്പുറത്തെ സി.ചന്ദ്രനെ (58) സെപ്റ്റംബര്‍ 15ന് രാത്രി ഒമ്പതരയോടെ മാരകമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു.
ദേശീയപാതയില്‍ നിടുവപ്പുറം റോഡരികിലെ കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ കണ്ണൂരും കോഴിക്കോടുമുള്ള സ്വകാര്യ ആശുപത്രികളില്‍ ചികിത്സിച്ചിട്ടും സംസാരശേഷി തിരിച്ച് കിട്ടിയിട്ടില്ല.
ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരുകയുമാണ്.