സംപൗളോ: ഫുട്ബോൾ ഇതിഹാസം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ വക്താവ് രംഗത്ത്. പെലെ വീട്ടിൽ വിശ്രമത്തിലാണ്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നു പെലെയെ ആശുപത്രിയിൽ വിദഗ്ധ പരിശോധനകൾക്ക് വേണ്ടി പ്രവേശിപ്പിച്ചെന്ന വാർത്ത വ്യാജമാണെന്നും വക്താവ് ജോസ് ഫോർനോസ് റോഡ്രിഗ്വസ് വ്യക്തമാക്കി.
പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഫുട്ബോൾ എഴുത്തുകാരുടെ സംഘടനയാണ്(എഫ്ഡബ്ല്യൂഎ) വാർത്ത നൽകിയത്. ഫ്ലൂയിഡ് നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആണെന്നാണ് എഫ്ഡബ്ല്യൂഎ അറിയിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്ന് വക്താവ് പറഞ്ഞു.
പെലെയെ ആദരിക്കാൻ എഫ്ഡബ്ല്യൂഎ ഈ വാരാന്ത്യം ലണ്ടനിലെ ഹോട്ടലിൽ ഒരു ഡിന്നർ നൽകാൻ ഇരിക്കുകയായിരുന്നു. എന്നാൽ അനാരോഗ്യം മൂലം പെലെ അതു റദ്ദാക്കിയിട്ടുണ്ട്. കിഡ്നി, പ്രോസ്റ്റേറ്റ് സംബന്ധമായ ചികിൽസയിലാണ് ഏറെക്കാലമായി പെലെ. ഫിഫയുടെ ചടങ്ങുകളിൽ അടുത്തിടെ വീൽചെയറിലായിരുന്നു പെലെ പങ്കെടുത്തിരുന്നത്.