കുമരകം: കുമരകം പക്ഷി സങ്കേതത്തിൽ പെലിക്കൺ പക്ഷികൾ കൂടുകൾ കൂട്ടി. പക്ഷിക്കൂട്ടിൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുമായി ഇരുപതോളം പെലിക്കൻ പക്ഷികൾ മൂന്നുകൂടുകളിലായി വസിക്കുന്നത് ഇന്നലെയാണ് കണ്ടെത്തിയത്. കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ് ബി. ശ്രീകുമാറും കവണാറ്റിൻകര ബീറ്റ് ഫോറസ്റ്റ് ഓഫീസർ എച്ച്. അനീസുമാണ് പെലിക്കൺ പക്ഷികളെ ബ്രീഡിംഗ് അവസ്ഥയിൽ കണ്ടെത്തിയത്.
പക്ഷി സങ്കേതത്തിലെ രണ്ടാമത്തെ വാച്ച് ടവറിൽ നിന്നും കാണാൻകഴിയുന്ന രീതിയിൽ ബദാം മരത്തിലാണ് കൂട്. പക്ഷിസങ്കേതത്തിന്റെ ചരിത്രത്തിലാദ്യമായി പെലിക്കൺ പക്ഷികൾ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചത്. നിലവിലുള്ള മൂന്നു കൂടുകൾ കൂടാതെ നാലാമതൊരു കൂടും കൂടി പക്ഷികൾ കെട്ടുന്നുണ്ടെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
വിവിധയിനം വർണകൊക്കുകളും നീർക്കാക്കകളും ദേശാടന പക്ഷികളും ഉൾപ്പെടെ പതിനായിരക്കണക്കിനു പക്ഷികളാണ് പക്ഷിസങ്കേതത്തിൽ ഇപ്പോൾ പാറിപറക്കുന്നതും മരങ്ങളിൽ ചേക്കേറുന്നതും.
രണ്ടരമാസത്തിലെ സമരത്തിനു ശേഷം ഇന്നലെ പക്ഷിസങ്കേതത്തിലേക്ക് പ്രവേശനം ലഭിച്ച പക്ഷിസ്നേഹികൾക്ക് ലഭിച്ചത് അസുലഭ കാഴ്ചകളാണ്. കെടിഡിസി വാട്ടർ സ്കേപ്സിലെ കരാർ തൊഴിലാളികളുടെ സമരം മൂലം പക്ഷിസങ്കേതവും അടച്ചിട്ടിരിക്കുകയായിരുന്നു.ഇതോടെ സന്ദർശകരുടെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പക്ഷികളുടെ താവളമായി പക്ഷി സങ്കേതം മാറിയിരിക്കുകയായിരുന്നു.