ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ അകാല മരണം വന്‍ കോളിളക്കങ്ങള്‍ക്കാണ് വഴിവെച്ചത്. വിഷാദരോഗത്തെത്തുടര്‍ന്ന് താരം ജീവനൊടുക്കുകയായിരുന്നുവെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ നിലവിലെ സാഹചര്യം അതല്ല. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പല പല കാരണങ്ങള്‍ കൊണ്ട് അകാലത്തില്‍ പൊലിഞ്ഞ വേറെയും താരങ്ങളുണ്ട് സിനിമ ചരിത്രത്തില്‍. ആരാധകര്‍ക്ക് വേദന സമ്മാനിച്ച് കടന്നു പോയവരില്‍ മലയാള സിനിമാതാരങ്ങളുമുണ്ട്.
ഇത്തരത്തിലുള്ള മരണങ്ങളെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് നടി സില്‍ക്ക് സ്മിതയുടെ മരണമാണ്. എണ്‍പതുകളില്‍ ദക്ഷിണേന്ത്യയെ പുളകം കൊള്ളിച്ച മാദകറാണിയുടെ അകാലത്തിലുള്ള മരണം ആരാധകരെയാകെ നടുക്കിയിരുന്നു.
സ്ഫടികത്തിലെ ‘ഏഴിമല പൂഞ്ചോല’,അഥര്‍വത്തിലെ ‘പുഴയോരത്ത് പൂന്തോണിയെത്തീല’ തുടങ്ങിയ പാട്ടുകള്‍ മലയാളികളുടെ മനസ്സില്‍ സില്‍ക്കിന് ചിരകാല പ്രതിഷ്ഠ നേടിക്കൊടുത്തിരുന്നു.
എന്നാല്‍ 1996 സെപ്റ്റംബര്‍ 23ന് തന്റെ 36-ാം വയസ്സില്‍ ചെന്നൈയിലെ വീട്ടിനുള്ളില്‍ ആ ജീവിതം അവസാനിച്ചു. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. തന്റെ സിനിമാ ജീവിതത്തിനിടയിലെ പ്രണയ പരാജയവും സാമ്പത്തിക ഞെരുക്കവുമാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍. എന്ത് തന്നെയായാലും സില്‍ക്കിന്റെ മരണത്തില്‍ ഇന്നും ദുരൂഹതകള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുക തന്നെയാണ്.
മലയാളത്തിലെ സുന്ദരനായ നടന്മാരില്‍ ഒരാളായിരുന്നു ശ്രീനാഥ്. 1978 ല്‍ ‘ശാലിനി എന്റെ കൂട്ടുകാരി’ എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് സിനിമയിലെത്തുന്നത് അന്ന് ശ്രീനാഥിനൊപ്പം നായികയായി അഭിനയിച്ചത് നടി ശാന്തികൃഷ്ണ ആയിരുന്നു.
പിന്നീട് പല ചിത്രങ്ങളിലും ഇവര്‍ നായികാനായകന്മാരായി. 1984ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ 1995ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 1999ല്‍ ലത എന്ന സ്ത്രീയെ വിവാഹം ചെയ്തു.
എന്നാല്‍ കോതമംഗലത്ത് മോഹന്‍ലാല്‍ നായകനായ ശിക്കാറില്‍ അഭിനയിക്കാനെത്തിയ ശ്രീനാഥിനെ 2010 ഏപ്രില്‍ 23ന് കോതമംഗലത്തെ തന്നെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ശാന്തികൃഷ്ണയുയുള്ള 11 വര്‍ഷം നീണ്ട കുടുംബജീവിതം തകര്‍ന്നത് ശ്രീനാഥിനെ തളര്‍ത്തിയിരുന്നു എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ മരണകാരണം ഇതിനെത്തുടര്‍ന്ന് തന്നെയായിരുന്നോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
മലയാള സിനിമയിലെ മെര്‍ലിന്‍ മണ്‍റോ എന്നറിയപ്പെട്ടിരുന്ന താരമായിരുന്നു വിജയശ്രീ. തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ 1974 മാര്‍ച്ച് 21 നാണ് വിജയശ്രീ ആത്മഹത്യ ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
പൊന്നാപുരം കോട്ട എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ വിജയശ്രീയുടെ നീരാട്ട് ചിത്രീകരിക്കുന്നതിനിടെ നടിയുടെ ഉടുതുണി ഒഴുകിപ്പോയിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ നടിയുടെ സമ്മതം കൂടാതെ സിനിമയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ഇതിന്റെ പേരില്‍ നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു എന്നുമാണ് കേള്‍ക്കുന്നത്. ഇതിനു പിന്നാലെയായിരുന്നു താരത്തിന്റെ വിയോഗം. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെയാണോ നടിയുടെ ആത്മഹത്യ എന്നതിലും വ്യക്തതയില്ല.
മലയാളത്തിന്റെ മറ്റൊരു നഷ്ടമായിരുന്നു ശോഭ. ശോഭയും സംവിധായകന്‍ ബാലു മഹേന്ദ്രയും തമ്മിലുള്ള പ്രണയം അക്കാലത്തെ സിനിമാ ഗോസിപ്പുകളില്‍ നിറഞ്ഞാടിയവയാണ്. ബാലു മഹേന്ദ്രയുമായുള്ള പ്രണയത്തകര്‍ച്ചയാണ് ശോഭയുടെ മരണത്തിനു പിന്നിലെന്നാണ് സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍.
ഉര്‍വശി,കല്‍പന,കലാരഞ്ജിനി എന്നീ പ്രതിഭാധനരായ അഭിനേത്രികളുടെ ഏക സഹോദരനായിരുന്നു നന്ദു. ആദ്യമായി നായകനായി അഭിനയിച്ച ‘ലയനം’ എന്ന സിനിമ കുടുംബത്തിനകത്തും പുറത്തും ഏറെ കോലാഹലങ്ങള്‍ സ്രഷ്ട്ടിച്ചിരുന്നു. ആ ജീവിതം പക്ഷെ 27-ാം വയസ്സില്‍ അവസാനിച്ചു. പ്രണയ നൈരാശ്യമാണ് ഈ ജീവിതത്തിനും തിരശ്ശീലയിട്ടതെന്ന് സിനിമമേഖയില്‍ അടക്കം പറച്ചിലുണ്ട്.
ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ റാണി പത്മിനിയ്ക്കും വിധി കാത്തുവച്ചത് അകാലത്തിലുള്ള മരണമായിരുന്നു.1981ല്‍ സംഘര്‍ഷം എന്ന ചിത്രത്തിലൂടെയാണ് റാണി പത്മിനി മലയാളത്തില്‍ അരങ്ങേറിയത്. സിനിമകളുടെ എണ്ണം കൂടിയതോടെ ഇവരുടെ ബന്ധങ്ങളും വളര്‍ന്നു. സ്വന്തമായി
ഒരു വീട് വാങ്ങുന്നതിനായി 15 ലക്ഷം രൂപ റാണി താമസിച്ചിരുന്ന വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ഈ പണം തട്ടിയെടുക്കാനായി വീട്ടിലെ ജോലിക്കാര്‍ തന്നെ റാണിയെയും അമ്മയെയും കൊലപ്പെടുത്തിയെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 1986 ഒക്ടോബര്‍ 15 നാണ് റാണി കൊല്ലപ്പെടുന്നത്.
മലയാളികളെ ഞെട്ടിച്ച മറ്റൊരു മരണമായിരുന്നു നടി മയൂരിയുടേത്. പൂച്ചക്കണ്ണുള്ള ഈ സുന്ദരി 1998ല്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്. പിന്നീട് ആകാശഗംഗയിലേതുള്‍പ്പെടെ ഒരു പിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനായികയായി. എന്നാല്‍ 2005 ല്‍ തന്റെ 22 മത്തെ വയസില്‍ ‘ജീവിതത്തിലെ പ്രതീക്ഷകള്‍ നഷ്ടമായി’ എന്നൊരു കുറിപ്പ് മാത്രമെഴുതിയ ശേഷം നടി ആത്മഹത്യ ചെയ്യുകയായിരുന്നു. മയൂരിയുടെ മരണത്തിലും ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
2005-ല്‍ രാജമാണിക്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ സന്തോഷ് ജോഗി ചുരുങ്ങിയ കാലത്തിനുള്ളില്‍ 23 ഓളം മലയാള സിനിമകളില്‍ അഭിനയിച്ചു.
നടന്‍,ഗായകന്‍ എന്നീ നിലകളില്‍ മികവു തെളിയിച്ച ജോഗി 2010 ഏപ്രില്‍ 13ന് തന്റെ 35-ാം വയസ്സില്‍ തന്റെ സുഹൃത്തിന്റെ തൃശ്ശൂരിലുള്ള ഫഌറ്റില്‍ തൂങ്ങി മരിക്കുകയായിരുന്നു. വിഷാദരോഗമായിരുന്നു മരണകാരണമെന്ന് പറയപ്പെടുന്നു.