പുതുക്കാട്: ഓണ്‍ലൈനിലൂടെ വാങ്ങിയ പെൻ കാമറയ്ക്കു തകരാർ സംഭവിച്ചിട്ടും വാറന്റി നൽകാത്ത കന്പനിയോടു നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ വിധി. തൃക്കൂർ മുൻ പഞ്ചായത്ത് അംഗവും പരിസ്ഥിതി പ്രവർത്തകനുമായ കെ.എസ്. സജീവനാണ് പരാതിക്കാരൻ.
കാമറയുടെ വിലയായ 999 രൂപയും 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും നൽകണമെന്നാണു ഫോറത്തിന്റെ വിധി. മലപ്പുറം ചങ്ങരംകുളത്തെ ടോറ സ്കൈ സൂപ്പർ ഷോപ്പ് എന്ന സ്ഥാപനമാണു നഷ്ടപരിഹാരം നൽകേണ്ടത്. ഈ സ്ഥാപനത്തിന്റെ പരസ്യം ടെലിവിഷനിൽ കണ്ടാണ് കാമറ വാങ്ങിയത്.
വാറന്റി ലഭ്യമാക്കാൻ കാമറ നൽകി രണ്ടുവർഷം കഴിഞ്ഞിട്ടും കന്പനി കാമറയോ പണമോ തിരിച്ചുനൽകാത്തതിനെ തുടർന്നാണ് കേസ് നൽകിയത്. വക്കീലിന്റെ സഹായമില്ലാതെ പരാതിക്കാരൻ തന്നെയാണ് കേസ് വാദിച്ച് അനുകൂല വിധി സന്പാദിച്ചത്.