കാഞ്ഞിരപ്പള്ളി: ആയിരം പേനകൾ കൊണ്ടൊരു പുൽക്കൂടുമായി ക്രിസ്മസ് ലോകത്തെ വേറിട്ട കാഴ്ചയൊരുക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ എകെജെഎം സ്കൂൾ.
ഇവിടുത്തെ അധ്യാപകനും ബർസാറുമായ ഫാ. വിൽസൺ പുതുശേരിയാണ് ഈ ആശയത്തിനു പിന്നിൽ. റെഡിമെയ്ഡ് പുൽക്കൂടുകളുടെ കാലമാണിത്. മുളകൾ കൊണ്ട് പുൽക്കൂടൊരുക്കിയിരുന്ന കാലമൊക്കെ ഒരു ഓർമ മാത്രമായി മാറുന്ന കാലത്താണ് ഉപയോഗശൂന്യമായ പേനകൾ കൊണ്ട് ഫാ. വിൽസൺ പുതുശേരി മനോഹരമായ പുൽക്കൂട് ഒരുക്കിയിരിക്കുന്നത്.
ആയിരത്തോളം ഉപയോഗശൂന്യമായ പേനകൾ ഉപയോഗിച്ചാണ് ഇദ്ദേഹം വ്യത്യസ്തമായ പുൽക്കൂട് നിർമിച്ചത്. പെൻ ബാങ്ക് എന്ന ആശയത്തിലൂടെ സ്കൂളിലെ വിദ്യാർഥികളിൽനിന്നു ശേഖരിച്ച പേനകൾ ഉപയോഗിച്ചായിരുന്നു പുൽക്കൂടിന്റെ നിർമാണം. പേനകൾ ശേഖരിക്കാനായി പെൻബോക്സ് എന്ന പേരിൽ ഒരു ബോക്സും സ്കൂളിൽ സ്ഥാപിച്ചിരുന്നു.
ഉപയോഗശേഷം വലിച്ചെറിയുന്ന പേനകൾ എങ്ങനെ പുനരുപയോഗിക്കാനാകും എന്ന ചിന്തയിൽ നിന്നാണ് പുൽക്കൂടെന്ന ആശയം രൂപപ്പെട്ടതെന്ന് ഫാ. വിൽസൺ പുതുശേരി പറഞ്ഞു.
പുൽക്കൂടിനുള്ളിലെ ട്രീ അടക്കം നിർമിക്കുന്നതിന് തെരഞ്ഞെടുത്തതും പേനകൾ തന്നെയാണ്.ഇത് കൂടാതെ പേപ്പറുകളും കോട്ടൺ വെയ്സ്റ്റുമൊക്കെ ട്രീയും മഞ്ഞുമൊക്കെയായി പുൽക്കൂടിനുള്ളിൽ രൂപാന്തരപ്പെട്ടിട്ടുണ്ട്. ഒരാഴ്ച മാത്രമാണ് പുൽക്കൂടിന്റെ നിർമാണത്തിനായി ഫാ. വിൽസൺ പുതുശേരിക്ക് വേണ്ടി വന്നത്.