ഇംഗ്ലീഷ് ആരാധകർ ക്ഷമിക്കുക… കാരണം, പെനൽറ്റി നേരിടാനായി ഏകാഗ്രതയോടെ നിൽക്കുന്ന എതിർ ഗോളിയുടെ മുഖത്തേക്കു ലേസർ അടിക്കുകയെന്നതു മാന്യതയ്ക്കു നിരക്കാത്തതാണ്.
യൂറോ 2020 ഫുട്ബോൾ ചാന്പ്യൻഷിപ്പ് സെമിയിൽ ഡെന്മാർക്കിനെതിരായ ഇംഗ്ലണ്ടിന്റെ ജയം കുറിച്ച പെനൽറ്റി കിക്ക് എടുക്കാൻ ഹാരി കെയ്ൻ എത്തിയപ്പോൾ ഡാനിഷ് ഗോളി കാസ്പർ ഷ്മൈക്കലിന്റെ മുഖത്തേക്കു ഗാലറിയിൽനിന്നു പച്ച ലേസർ അടിച്ചു.
ഷ്മൈക്കലിന്റെ ഏകാഗ്രത കളയാനായിരുന്നു അതെങ്കിലും സംഭവിച്ചത് മറിച്ച്. ഷ്മൈക്കൽ കെയ്ന്റെ ഷോട്ട് തടഞ്ഞു, ദൗർഭാഗ്യവശാൽ പന്ത് റീബൗണ്ടായി കെയ്ന്റെ നേർക്കുതന്നെ എത്തി.
രണ്ടാം ശ്രമത്തിൽ കെയ്ൻ അത് ഗോളാക്കി. അധിക സമയത്തേക്കു നീണ്ട മത്സരത്തിലെ ആ ഗോളിലായിരുന്നു 2-1ന്റെ ജയത്തോടെ ഇംഗ്ലണ്ട് ഫൈനലിലേക്ക് മുന്നേറിയത്. ഇംഗ്ലീഷ് ആരാധകരുടെ ഈ ഗുരുതര കുറ്റം യുവേഫ കാണാതെവിട്ടില്ല. ഇംഗ്ലണ്ടിനു യുവേഫ പിഴശിക്ഷ ചുമത്തി.
104-ാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി റഫറി വിധിച്ച ആ പെനൽറ്റിയും വിവാദത്തിലാണ്. ഇംഗ്ലീഷ് താരം റഹീം സ്റ്റെർലിംഗിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു റഫറി പെനൽറ്റി വിധിച്ചത്.
പെനൽറ്റി വിധിക്കാൻമാത്രം ഗുരുതര ഫൗൾ നടന്നിട്ടില്ലെന്നാണ് ഇംഗ്ലീഷ് മുൻ താരവും പരിശീലകനുമായ ഗാരി നെവിലും ആഴ്സണൽ മുൻ പരിശീലകൻ ആഴ്സെൻ വെംഗറും അടക്കമുള്ളവർ പറയുന്നത്.
വിഎആറിന്റെ സഹായം നേടുന്നതിനു മുന്പുതന്നെ റഫറി പെനൽറ്റി വിധിച്ചതിനെയും വെംഗർ വിമർശിച്ചു. പെനൽറ്റി വിധിച്ചു കഴിഞ്ഞായിരുന്നു വിഎആർ റഫറി പരിശോധിച്ചത്.
അധിക സമയത്തേക്ക് നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ നിർണായക നിമിഷത്തിൽ റഫറി നേരിട്ട് പെനൽറ്റി വിധിക്കുന്നതിനെയും ഫുട്ബോൾ നിരീക്ഷകർ അപലപിച്ചു.
പെനൽറ്റിയുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വിവാദം മൈതാനത്ത് ആ സമയം രണ്ടു പന്ത് ഉണ്ടായിരുന്നു എന്നാതാണ്. സ്റ്റെർലിംഗ് പന്തുമായി മുന്നേറുന്പോൾ ഡെന്മാർക്കിന്റെ പെനൽറ്റി ബോക്സിനു തൊട്ടുപുറത്ത് രണ്ടാമതൊരു പന്ത് ഉണ്ടായിരുന്നു.
റഫറി അത് കണ്ടില്ലെന്നും മത്സരം നിർത്തിവച്ച്, മൈതാനത്തെ അധിക പന്ത് നീക്കം ചെയ്യേണ്ടതായിരുന്നു എന്ന വാദവും ഉയർന്നിട്ടുണ്ട്.