ഏറ്റുമാനൂർ: കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാൻ ഏറ്റുമാനൂർ നഗരസഭ അവസരമൊരുക്കുന്നു. ലോകകപ്പിന്റെ പ്രചാരണാർഥം സംസ്ഥാന വ്യാപകമായി നടത്തുന്ന വണ്‍ മില്ല്യണ്‍ ഗോൾ പദ്ധതിയുടെ ഭാഗമായാണ് അവസരമൊരുങ്ങുന്നത്.
ഏറ്റുമാനൂരിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ പങ്കെടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേർക്കാണ് ലോകകപ്പ് മത്സരം കാണാൻ അവസരം ലഭിക്കുക. ഇവർക്കുള്ള ടിക്കറ്റും നഗരസഭയുടെ പേര് ആലേഖനം ചെയ്ത ജഴ്സിയും നൽകുമെന്ന് നഗരസഭാ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ പറഞ്ഞു.
27 ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഏഴു വരെ എസ്എഫ്എസ്, മേരി മൗണ്ട്, മംഗളം, പേരൂർ സെൻറ് സെബാസ്റ്റ്യൻസ്, തെള്ളകം ഹോളിക്രോസ്, ഗവണ്‍മെൻറ് ബോയ്സ് സ്കുളുകളിലാണ് പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിക്കുന്നത്. ഒരാൾക്ക് ഒരു ഗോളേ അടിക്കാനാകൂ.
ജില്ലാതലത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുക്കുന്ന രണ്ടു പേർക്ക് മത്സരം കാണാനുള്ള ടിക്കറ്റ് സർക്കാർ നൽകും. നഗരസഭാ കാര്യാലയത്തിൽ നടന്ന യോഗത്തിൽ വൈസ് ചെയർപേഴ്സണ്‍ റോസമ്മ സിബി, കൗണ്‍സിലർമാരായ ബോബൻ ദേവസ്യ, ജോയി മന്നാമല, ലൗലി പടികര, യദുകൃഷ്ണൻ, സെക്രട്ടറി സി. ജയകുമാർ എന്നിവർ പങ്കെടുത്തു.