റിയാദ്: കിംഗ് കപ്പ് ഓഫ് ചാന്പ്യൻസ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി തുലച്ചപ്പോൾ അൽ നസർ എഫ്സി പുറത്ത്.
പ്രീക്വാർട്ടർ പോരാട്ടത്തിൽ അൽ താവൂണ് എഫ്സിക്ക് എതിരേ 1-0നായിരുന്നു അൽ നസറിന്റെ തോൽവി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷമായിരുന്നു (96’) അൽ നസറിനു ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്ടപ്പെടുത്തിയത്.
71ാം മിനിറ്റിൽ വലീദ് അൽ അഹമ്മദിന്റെ ഗോളിലായിരുന്നു അൽ താവൂണ് എഫ്സി ലീഡ് സ്വന്തമാക്കിയത്. 2023-2024 സീസണിൽ അൽ നസർ കിംഗ്സ് കപ്പ് ഓഫ് ചാന്പ്യൻസ് ഫൈനലിൽവരെ എത്തിയിരുന്നു. അൽ താവൂണ് എഫ്സിക്കെതിരേ മൂന്നാം മിനിറ്റിൽ ലീഡ് നേടാനുള്ള അവസരം അൽ നസറിനു ലഭിച്ചതാണ്.
എന്നാൽ, ആൻഡേഴ്സണ് ടാലിസ്ക ബോക്സിനുള്ളിൽനിന്നു തൊടുത്ത ഷോട്ട് അൽ താവൂണ് ഗോൾ കീപ്പർ രക്ഷപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലും ടാലിസ്കയ്ക്ക് അവസരം ലഭിച്ചെങ്കിലും സ്കോർ ചെയ്യാൻ സാധിച്ചില്ല.
ആദ്യ നഷ്ടം
അൽ നസർ ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പെനാൽറ്റി നഷ്ടപ്പെടുന്നത് ഇതാദ്യമാണ്. ഇതിനു മുന്പ് എടുത്ത 18 സ്പോട്ട് കിക്കും സിആർ7 ലക്ഷ്യത്തിലെത്തിച്ചിരുന്നു.
ഇറ്റാലിയൻ മുഖ്യപരിശീലകനായ സ്റ്റെഫാനോ പിയോളി അൽ നസറിന്റെ മാനേജരായശേഷം ടീമിന്റെ ആദ്യ തോൽവിയാണ്.