തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ ഇന്നു മുതൽ ഗതാഗത നിയമലംഘനങ്ങൾക്കു പിഴ ചുമത്തും. ഇന്നു രാവിലെ എട്ടിനാണ് കാമറയുടെ പ്രവർത്തനം ആരംഭിക്കും. എട്ടിനു തന്നെ നിയമലംഘകർക്ക് ചെലാൻ അയയ്ക്കൽ ആരംഭിക്കും.
726 എഐ കാമറകളാണ് സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 692 റോഡ് കാമറകളാണ് ഇന്നു പ്രവർത്തനമാരംഭിക്കുക. ദിവസവും 25,000 നോട്ടീസ് വീതം അയയ്ക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
ഇത് പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്കരിക്കാനാണു തീരുമാനം. തപാൽ വഴിയാകും നിയമലംഘനം വാഹന ഉടമകളെ അറിയിക്കുക. എസ്എംഎസ് ആയുള്ള അറിയിപ്പ് തത്്കാലം ലഭിക്കില്ല.
സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകൾ തങ്ങളുടെ മൊബൈൽ നന്പർ, ഇ -മെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ നൽകിയിട്ടില്ല. ഇതിനാലാണ് തപാൽ മുഖേന നോട്ടീസ് അയയ്ക്കുന്നത്.
റോഡ് കാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിനു വിധേയമാണെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമർജൻസി സർവീസുകൾക്കു മാത്രമാണ് ഇളവ്.
വിഐപികളും സാധാരണക്കാരും ഒരേപോലെയാണ്. പദ്ധതിയെ എതിർക്കുന്നവർക്ക് രാഷ്ട്രീയലക്ഷ്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.വാഹന ഉടമകൾക്കു പരാതിയുണ്ടെങ്കിൽ പിഴയ്ക്കെതിരേ ജില്ലാ എൻഫോഴ്സ്മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകണം.
എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കാണ് അപ്പീൽ നൽകേണ്ടത്. രണ്ടുമാസത്തിനുള്ളിൽ അപ്പീൽ നൽകുന്നതിന് ഓണ്ലൈൻ സംവിധാനമൊരുങ്ങും.
എമർജൻസി വാഹനങ്ങളെ ഒഴിവാക്കും
തിരുവനന്തപുരം: എമർജൻസി വാഹനങ്ങളെ എഐ കാമറ വഴിയുള്ള നിയമ ലംഘനങ്ങളിൽനിന്ന് ഒഴിവാക്കും. ഇത്തരം വാഹനങ്ങളെ പിഴകളിൽനിന്ന് ഒഴിവാക്കാൻ ചട്ടമുണ്ട്. പോലീസും ഫയർഫോഴ്സും ആംബുലൻസും കൂടാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങളും ഈ വിഭാഗത്തിൽ വരും. എമർജൻസി വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ബീക്കണ് ലൈറ്റുകൾ പോലുള്ള സംവിധാനങ്ങൾ എഐ കാമറ തിരിച്ചറിയുന്നതു വഴിയാണ് ഇത്തരം വാഹനങ്ങൾ പിഴയിൽ നിന്ന് ഒഴിവാകുന്നത്.
12 വയസിൽ താഴെയുള്ളവർക്ക് പിഴയില്ല
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരനായി 12 വയസിൽ താഴെയുള്ളവരെ തത്കാലം അനുവദിക്കും. ഹെൽമറ്റ് ധരിച്ചുള്ള യാത്രയ്ക്ക് പിഴയീടാക്കില്ല.
മൂന്നാം യാത്രക്കാരനായി 12 വയസിൽ താഴെയുള്ള കുട്ടികളെ അനുവദിക്കുന്നതിനു കേന്ദ്രനിയമത്തിൽ ഭേദഗതി വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രതീരുമാനം വരും വരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനയാത്രയിൽ പിഴ ഈടാക്കില്ലെന്നു മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നാലു വയസിനു മുകളിലുള്ള എല്ലാ കുട്ടികളും ഹെൽമറ്റ് ധരിക്കണം.
പിഴ ഇങ്ങനെ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ വഴി 250 രൂപ മുതൽ 2000 രൂപ വരെയുള്ള പിഴയാണ് ചുമത്തുക.
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ.
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ.
ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ 1000 രൂപ.
ഡ്രൈവിംഗിനിടെ ഫോണ് ഉപയോഗിച്ചാൽ 2000 രൂപ.
അനധികൃത പാർക്കിംഗ് 250 രൂപ.
അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം പോലുള്ള നിയമലംഘനങ്ങൾ കോടതിക്കു കൈമാറും.
ഓരോ തവണ കാമറയിൽ പതിയുന്പോഴും പിഴ ആവർത്തിക്കും.
അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.