കൽപ്പറ്റ: പെൻസിലുകളെ ഗിന്നസ് റിക്കാർഡ് നേടിയെടുക്കാൻ കഴിയും വിധം രൂപമാറ്റം വരുത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വെറ്ററിനറി ഡോക്ടർ.
തിരുവനന്തപുരം സ്വദേശിയും വയനാട് പൂക്കോടുള്ള കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ പിജി വിദ്യാർഥിയുമായ എം. മനോജാണ് ഒരുമാസത്തെ കഠിന പരിശ്രമത്തിനൊടുവിൽ ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയത്.
എച്ച് ബി ഗ്രേഡിലുള്ള പെൻസിലിൽ തീർത്ത തീർത്ത 212 കണ്ണികളുപയോഗിച്ചാണ് മാല നിർമിച്ചത്. ചൈനയിലെ ലീചെൻ ചു എന്നയാൾ 168 കണ്ണികൾ നിർമിച്ച് നേടിയ റിക്കാർഡാണ് മനോജ് തകർത്തത്.
ഗിന്നസ് ബുക്ക് അധികൃതരുടെ അനുവാദം ലഭിച്ചതിനെ തുടർന്നു കഴിഞ്ഞ വർഷം നവംബർ 18 മുതൽ ഡിസംബർ 18 വരെയുള്ള സമയത്തിനുള്ളിലാണ് നിബന്ധനകൾ പാലിച്ചുകൊണ്ട് മനോജ് ലെഡിന്റെ മാല തീർത്തത്.
സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചുകൊണ്ടായിരുന്നു ആർട്ട്ലൈൻ ബ്ലാക്ക് ബ്യൂട്ടി പെൻസിലിൽ ചെയിനുകൾ നിർമിച്ചത്. പെൻസിലിന്റെ മരത്തിന്റെ ഭാഗം ചെത്തിക്കളഞ്ഞ് അതിസൂക്ഷ്മതയോടെയാണ് ലെഡിൽ ചങ്ങല കണ്ണികൾ രൂപപ്പെടുത്തിയത്.
രണ്ടുപെൻസിലുകളിലെ ലെഡിലാണ് മനോജ് കണ്ണികൾ നിർമിച്ചത്. ആദ്യ പെൻസിലിന്റെ ലെഡ് കണ്ണിയിൽ രണ്ടാമത്തെ പെൻസിലിന്റെ ലെഡ് യോജിപ്പിക്കാൻ ശരിക്കും കണ്ണികൾ നിർമിച്ച് കൊളുത്തിയിട്ടു.
ബാക്കിയെല്ലാം ലെഡ് മുറിയാതെയായിരുന്നു കണ്ണി നിർമാണം. കണ്ണികൾ തമ്മിൽ കൂട്ടിയോജിപ്പിക്കാൻ പശയോ മറ്റു വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ലെന്ന് ഗിന്നസ് റിക്കാർഡ് അധികൃതരുടെ നിർദേശമുണ്ടായിരുന്നു.
ഡോക്ടറായ മനോജിന് പകൽ സമയം ഒൗദ്യോഗിക ജോലികൾ ഉണ്ടായിരുന്നതിനാൽ രാവിലെയും വൈകീട്ടും രണ്ടുമണിക്കൂർ ഉപയോഗിച്ചാണ് മാല നിർമിച്ചത്.
തെല്ലൊന്ന് ശ്രദ്ധ തെറ്റിയാൽ ലെഡ് ഒടിയുമെന്നതിനാൽ വളരെ ശ്രമകരമായിരുന്നു മാല നിർമാണമെന്ന് മനോജ് പറഞ്ഞു.
മാല നിർമാണത്തിന്റെ തൽസമയ ദൃശ്യങ്ങൾ പകർത്തി രണ്ടുഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രത്തോടെയാണ് ഗിന്നസ് റിക്കാർഡിനായി സമർപ്പിച്ചത്.
മേയ് ഏഴിന് ഗിന്നസ് റിക്കാർഡ് ലഭിച്ച അറിയിപ്പ് വന്നിരുന്നു. തുടർന്ന് ലോക്ഡൗണ്‍ ആയിരുന്നതിനാൽ ജൂണ്‍ ഏഴിന് സർട്ടിഫിക്കറ്റ് അയച്ചുനൽകുകയായിരുന്നു.
പെൻസിൽ ലെഡിൽ വിവിധ മിനിയേച്ചർ കലാ രൂപങ്ങൾ നിർമിച്ചും മനോജ് ശ്രദ്ധനേടിയിട്ടുണ്ട്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾകലാം, കേരളത്തിന്റെ ഭൂപടം തുടങ്ങിയവ മനോജ് ലെഡിൽ തീർത്തിട്ടുണ്ട്. കേരളത്തിലുടനീളം 11 ഓളം പ്രദർശനങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.
ലെഡിൽ തീർത്ത കലാരൂപങ്ങളുടെ പ്രദർശനത്തിലൂടെ ലഭിക്കുന്ന പണം സന്നദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു. പാറശാല പരശുവെക്കൽ മണിയൻ-ലില്ലി ദന്പതികളുടെ മകനാണ് മനോജ്. സഹോദരങ്ങൾ: മഹേഷ്, മണി.