തൃശൂർ: ബുള്ളറ്റു മുതൽ കൊട്ടാരം വരെ തീർക്കാൻ ഈ മിടുക്കൻമാർക്ക് ഇത്തിരിയോളമുള്ള പെൻസിൽ മുന മതി. വെറ്ററിനറി കോളജ് വിദ്യാർഥിയായ എം. മനോജും വി.എസ്. സ്വാതിഷുമാണ് പെൻസിൽ മുനയിൽ ശിൽപങ്ങൾ തീർക്കുന്നവർ. ഇന്നലെ സാഹിത്യ അക്കാദമി അങ്കണത്തിൽ എത്തിയവരെയെല്ലാം ഇരുവരുടെയും മൈക്രോ ആർട്ട് ശിൽപങ്ങളുടെ പ്രദർശനം വിസ്മയിപ്പിച്ചു.
അതിസൂക്ഷ്മമായി ഇവർ തീർത്ത 80 ഓളം ശിൽപങ്ങളാണ് അക്കാദമി അങ്കണത്തിൽ പ്രദർശിപ്പിച്ചത്. യേശുക്രിസ്തു, മദർ തെരേസ, ഇണപ്പക്ഷികൾ, കഥകളിരൂപം, വീട്… എല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. മണിക്കൂറുകളും ദിവസങ്ങളുമെടുത്താണ് അതിസൂക്ഷ്മമായി ശിൽപങ്ങൾ പൂർത്തിയാക്കുന്നത്. ഇന്ത്യയുടെ ഭൂപടം ഇത്തരത്തിൽ പൂർത്തിയാക്കാൻ ആറു ദിവസം എടുത്തു. എ മുതൽ സെഡ് വരെയുള്ള അക്ഷരങ്ങൾ വരിവരിയായി ഒറ്റ പെൻസിലിൽ കൊത്തിയെടുത്ത മറ്റൊരു ശിൽപവും ദിവസങ്ങളെടുത്താണ് പൂർത്തിയാക്കിയതെന്നു മനോജ് പറഞ്ഞു. ചെറിയ കുപ്പികൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സൂക്ഷ്മ ശിൽപങ്ങൾ കോണ്വെക്സ് ലെൻസ് ഉപയോഗിച്ചാണ് ആസ്വാദകർ കണ്ടത്.
വിവിധ കനത്തിലും രൂപത്തിലുമുള്ള പെൻസിലുകൾ ഉപയോഗിച്ചാണ് ശിൽപങ്ങൾ നിർമിച്ചിരിക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന ചെറിയ മുനകളുള്ള എച്ച്ബി പെൻസിലുകളിൽവരെ ഇവർ ശിൽപങ്ങൾ തീർക്കും. പെൻസിൽ ശിൽപങ്ങൾ നിർമാണത്തിനിടെ ചിലപ്പോൾ പൊട്ടിപ്പോവാറുണ്ട്. ഇത്തരത്തിൽ നാലോ അഞ്ചോ തവണ പൊട്ടിപ്പോയിട്ടും തോറ്റു പിൻമാറാതെയാണ് മിക്ക ശിൽപങ്ങളും പൂർത്തിയാക്കുന്നത്. ഓരോ ശിൽപവും പൂർത്തിയാക്കാൻ എടുത്ത സമയവും പരാജയപ്പെട്ട ശ്രമങ്ങളുടെ എണ്ണവും ഏതുതരം പെൻസിലാണ് ഉപയോഗിച്ചതെന്നതുമടക്കമുള്ള വിവരങ്ങളോടെയായിരുന്നു പ്രദർശനം. പ്രധാനമായും പെൻസിൽ മുന ശിൽപങ്ങളാണുള്ളതെങ്കിലും ചോക്കിലും തീപ്പട്ടിക്കന്പിലുമെല്ലാം തീർത്ത സൂക്ഷ്മശിൽപങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. പ്രദർശനത്തിൽനിന്നു ലഭിച്ച തുക സന്നദ്ധ സംഘടനയായ സൊലേസിന് നല്കാനാണ് ഇരുവരുടെയും തീരുമാനം. ഇതു രണ്ടാം തവണയാണ് സൊലേസിനായി ഇവർ പ്രദർശനം നടത്തുന്നത്.