തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടി മൊഴിമാറ്റിയതോടെ സംഭവം പുതിയ വഴിത്തിരിവിലേക്ക്. പുതിയ മൊഴിപ്രകാരം എ.ഡി.ജി.പി ബി.സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാര്‍ എന്നീ നാലുപേര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ബാക്കിപത്രമാണ് ഈ ലിംഗഛേദം. ഈ വെളിപ്പെടുത്തല്‍ പോലീസിന് വലിയ തലവേദനയായിരിക്കുകയാണ്.
വിഷയത്തില്‍ എഡിജിപിക്ക് വിശദീകരണം നല്‍കേണ്ടി വരികയും ചെയ്യും. പുതിയ വെളിപ്പെടുത്തലില്‍ പെണ്‍കുട്ടി ഉറച്ചു നിന്നാല്‍ കോടതിയും ഇടപെടും. കണ്ണമ്മൂലയിലെ ചട്ടമ്പി സ്വാമി ജന്മസ്ഥലവുമായി ബന്ധപ്പെട്ട സമരമാണ് ഗംഗേശാനന്ദയെ തിരുവനന്തപുരത്ത് എത്തിച്ചത്. ഈ സമരം ഗംഗേശാന്ദ നടത്തിയത് സന്ധ്യക്ക് എതിരെയായിരുന്നു. ഇതിലുള്ള പ്രതികാരമാണ് ജനനേന്ദ്രീയം മുറിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തലുകളില്‍ ഒളിച്ചിരിക്കുന്നത്.
നേരത്തെ പെണ്‍കുട്ടിയുടെ അമ്മയും സന്ധ്യക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ചട്ടമ്പിസ്വാമി സ്മാരകവുമായി ബന്ധപ്പെട്ട സമരത്തിന്റെ വൈരാഗ്യം സന്ധ്യ തീര്‍ക്കുന്നതെന്നതായിരുന്നു അമ്മയും പറഞ്ഞത്. ഇതു സംബന്ധിച്ച് പൊലീസിന് പരാതിയും നല്‍കിയിരുന്നു. അയ്യപ്പദാസിനെതിരേയും ആരോപണമെത്തി. എന്നാല്‍ ഇതൊന്നും പൊലീസ് അന്വേഷിച്ചില്ല. ദക്ഷിണമേഖലാ എഡിജിപിയായ സന്ധ്യയും ആരോപണങ്ങളില്‍ പ്രതികരിച്ചില്ല. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ കൂറുമാറ്റവും. ഇതോടെ പൊലീസിനെ നേരെ പല സംശയങ്ങളും ഉയരുന്നു. പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്ക് മതിയായ സംരക്ഷണം നല്‍കാന്‍ പൊലീസിന് സാധിച്ചില്ല. അതുകൊണ്ടാണ് ഇപ്പോള്‍ മൊഴി മാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും കരുതുന്നു.
ചട്ടമ്പിസ്വാമിയുടെ യഥാര്‍ത്ഥ ജനനസ്ഥലത്തെ കുറിച്ച് ഏറെ ചര്‍ച്ചയുണ്ട്. പന്മന ആശ്രമവും എന്‍എസ്എസും കരുതുന്നത് കണ്ണമൂലയിലാണ് സ്വാമിയുടെ വീടെന്നാണ്. ഈ വീടിരുന്ന സ്ഥലം തലമുറകള്‍ കൈമാറി ഐപിഎസുകാരിയായ ബി സന്ധ്യയുടെ കൈയിലെത്തി. തുടര്‍ന്ന് അവര്‍ അവിടെ വീടു വയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഈ സ്ഥലം സംരക്ഷിക്കാന്‍ ചട്ടമ്പിസ്വാമിയുടെ ഭക്തര്‍ തീരുമാനിച്ചു. വലിയ പ്രക്ഷോഭവും നിയമപോരാട്ടവും നടന്നു. ഇതിന്റെ മുന്‍നിരയില്‍ സ്വാമി ഗംഗേശാനന്ദ സ്വാമികളായിരുന്നു. സന്ധ്യയെ വെല്ലുവിളിച്ച് കണ്ണമൂലയില്‍ സമര കാഹളം മുഴക്കിയ സന്ന്യാസി. കണ്ണമൂലയുമായുള്ള സ്വാമിയുടെ ബന്ധം തുടങ്ങുന്നത് ഇങ്ങനെയാണ്. തീവ്ര നിലപാടുകളുമായി സമരത്തില്‍ സജീവമായ സ്വാമി ഭൂമി വിട്ടുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പോലും ഭീഷണിപ്പെടുത്തി.
എന്നാല്‍ കോടതിവിധി സന്ധ്യയ്ക്കനുകൂലമായിരുന്നു. അവര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടുകയും ചെയ്തു. അവിടെ വീടുവച്ച് അവര്‍ താമസിക്കുകയും ചെയ്യുന്നു. ഈ സമരവുമായി ബന്ധപ്പെട്ടാണ് കണ്ണമൂലപേട്ട ഭാഗത്ത് ഗംഗേശാനന്ദ സ്വാമി ശ്രദ്ധേയനാകുന്നത്. ഈ സമരം തുടങ്ങുന്നത് സ്വമിയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തിയ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുമാണ്. പിന്നീട് സ്വാമി ഈ വീട്ടിലെ ഒരംഗത്തെപ്പോലെയായി. ഇതില്‍ ഈ കുടുംബത്തോടും സ്വാമിയോടും കടുത്ത വൈരാഗ്യം സന്ധ്യയ്ക്കുണ്ടായിരുന്നത്രേ. ഈ വൈരാഗ്യമാണ് ലിംഗഛേദത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് എന്ന തരത്തിലാണ് പ്രചരണങ്ങള്‍. സ്വാമിയും സന്ധ്യയും തമ്മിലെ വൈരാഗ്യം കണ്ണമൂലക്കാര്‍ക്ക് നല്ല നിശ്ചയമുള്ളതാണ്. അതുകൊണ്ടാണ് സന്ധ്യയ്ക്ക് എതിരായ ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടുന്നതും. ഏതായാലും സംഭവത്തില്‍ അസ്വാഭാവികത ഏറെയുണ്ടെന്ന് തന്നെയാണ് നാട്ടുകാരുടെ പ്രതികരണം.
ഗംഗേശാനന്ദയുടെ അഭിഭാഷകനായ ശാസ്തമംഗലം എസ്. അജിത് കുമാറിന് അയച്ച കത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലീഷിലുള്ള കത്ത് പെണ്‍കുട്ടി എഴുതിയതാണെന്ന് അജിത് കുമാര്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കോടതിക്ക് മുമ്പില്‍ സന്ധ്യയ്ക്ക് എതിരെ ഈ ആരോപണം യുവതി തുടര്‍ന്നാല്‍ എഡിജിപി വെട്ടിലാകും. ഗംഗേശാനന്ദയുടെ ജാമ്യഹര്‍ജി വ്യാഴാഴ്ച കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. ഇതിനൊപ്പമാണ് ഈ മാസം 12ന് അഭിഭാഷകന് സ്പീഡ് പോസ്റ്റ് വഴി ലഭിച്ച കത്ത് കോടതിയില്‍ ഹാജരാക്കിയത്. സ്വാമി തങ്ങളുടെ കുടുംബസുഹൃത്താണ്. തന്നെ നിയമം പഠിക്കാന്‍ പ്രേരിപ്പിച്ചത് സ്വാമിയാണെന്നും കത്തില്‍ പറയുന്നു.
സുഹൃത്ത് അയ്യപ്പദാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഭവദിവസം പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞ പെണ്‍കുട്ടി സംഭവത്തിനു ശേഷം അയ്യപ്പദാസിനെ ഫോണ്‍ വിളിച്ചപ്പോള്‍ യാതൊരു പരിചയവും കാണിച്ചില്ലെന്നും സംഭവത്തെക്കുറിച്ച് അറിയാത്ത പോലെ സംസാരിച്ചെന്നും ആരോപിക്കുന്നു. തുടര്‍ന്ന് പൊലീസ് എത്തി തന്നെ കൂട്ടിക്കൊണ്ടുപോയി. പൊലീസിന്റെ ഭീഷണിയുടെ ഭയത്താല്‍ അവര്‍ നിര്‍ദ്ദേശിച്ചപ്രകാരം ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്താണ് നടപടി സ്വീകരിക്കേണ്ടതെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞ് തന്നിരുന്നില്ലെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. ഈ മൊഴിയിലേക്ക് കാര്യങ്ങളെത്തിച്ചത് പൊലീസിന്റെ നടപടികളാണെന്ന് പറയുന്നതും സന്ധ്യയിലേക്കു വിരല്‍ചൂണ്ടുന്നു. സ്വാമിയുടെ ജാമ്യഹര്‍ജിയുടെ വാദം 19ന് തിരുവനന്തപുരം പോക്‌സോ കോടതി പരിഗണിക്കും. അന്ന് കോടതിയുടെ നിലപാടുകള്‍ ഇനി സന്ധ്യയ്ക്ക് അതീവ നിര്‍ണ്ണായകമാണ്.
ഇതിനിടയില്‍ പെണ്‍കുട്ടിയും അഭിഭാഷകനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. എന്നാല്‍ കത്തിലെ മൊഴിയുമായി ചെറിയ വ്യത്യാസം ഇതില്‍ കാണാം. ”സ്വാമിയും അമ്മയും തമ്മിലും ബന്ധമില്ല. കാമുകന്‍ അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് കേസുണ്ടായത്. രണ്ടു ദിവസം മുന്‍പ് അയ്യപ്പദാസ് കത്തി കൊണ്ടുവന്നു തന്നു. ഇരുട്ടത്ത് കത്തിയെടുത്ത് വീശാന്‍ പറഞ്ഞതും അയ്യപ്പദാസ് തന്നെയാണ്. സംഭവശേഷം പൊലീസിനെ അറിയിക്കാന്‍ പറഞ്ഞതും അയ്യപ്പദാസാണെന്നും പെണ്‍കുട്ടി പറയുന്നു. സ്വാമിയുടെ ഒപ്പമിരുന്നപ്പോള്‍ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറില്‍ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ. ലിംഗം 90 ശതമാനം മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ല. സ്വാമിയെ മനഃപൂര്‍വം മുറിവേല്‍പ്പിച്ചതല്ല. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നല്‍കിയത്.” ഇതാണ് ഫോണില്‍ കൂടി പെണ്‍കുട്ടി പറയുന്നത്.
തന്നെ മകളെപ്പോലെ കണ്ടിരുന്ന ഗംഗേശാനന്ദ പതിനാറു വയസ്സ് മുതല്‍ പീഡിപ്പിക്കുന്നുവെന്ന ആരോപണം പോലീസ് മൊഴിയില്‍ എഴുതിച്ചേര്‍ത്തതാണെന്നും പെണ്‍കുട്ടി പറയുന്നു. തനിക്കും കുടുംബത്തിനുമെന്ന പോലെ അയ്യപ്പദാസിനെ ഗംഗേശാനന്ദയ്ക്കും പരിചയമുണ്ട്. ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച് അയ്യപ്പാദാസ് തന്നെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചു. ഗൂഢാലോചനയുടെ ഭാഗമായി സമീപവാസിയായ എഡിജിപി ബി.സന്ധ്യയുമായി ബന്ധപ്പെടാനും കാര്യങ്ങള്‍ പറയാനും അയ്യപ്പദാസ് ആവശ്യപ്പെട്ടു. സംഭവദിവസം കത്തി നല്‍കിയതും ജനനേന്ദ്രിയം മുറിക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചതു അയ്യപ്പദാസാണ്. എന്നാല്‍, രാത്രി ഗംഗേശാനന്ദയുടെ അടുത്തു പോയെങ്കിലും തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലയെന്നും പെണ്‍കുട്ടി പറയുന്നു.
പിന്നീട്, ഗംഗേശാനന്ദയുടെ നിലവിളി കേട്ടു താന്‍ വീടിനു പുറത്തേക്ക് ഓടുകയായിരുന്നു. ബി.സന്ധ്യയുടെ വീട്ടിലെത്തി കോളിങ് ബെല്‍ അമര്‍ത്തിയെങ്കിലും തുറക്കാത്തതിനാല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കഥ മൊത്തം തകിടം മറിയുകയായിരുന്നു. മൊഴി പലതവണ പൊലീസ് തിരുത്തിയെഴുതിയെന്നും കത്തിലുണ്ട്. ഇതും സന്ധ്യയ്ക്ക് എതിരാണ്. തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥര്‍ മൊഴി എഴുതിയത്. തിരിച്ചെത്തിയപ്പോള്‍ ഒപ്പ് രേഖപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും കത്തിലുണ്ട്. അതേ ദിവസം തന്നെ, പൊലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി തന്നെ കണ്ടു കെട്ടിച്ചമച്ച കഥ അംഗീകരിക്കാനും അമ്മയും ഗംഗേശാനന്ദയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്നു പറയാനും ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. യുവതിയുടെ കത്തും ഫോണ്‍ സംഭാഷണവുമെല്ലാം സന്ധ്യയെ വെട്ടിലാക്കുമെന്നതില്‍ സംശയമില്ല.