ലണ്ടൻ: ഓപ്പറേഷൻ തിയറ്ററിൽ അണുവിമുക്തമാക്കിയ സര്‍ജിക്കൽ ബ്ലൈഡ് കിട്ടാതെ വന്നപ്പോള്‍ പേനാക്കത്തി ഉപയോഗിച്ച് ഡോക്ടർ ഹൃദയശസ്ത്രക്രിയ നടത്തി! ഇംഗ്ലണ്ടിലെ റോയൽ സസെക്സ് ഹോസ്പിറ്റലിലാണ് അസാധാരണമായ ഈ സംഭവം അരങ്ങേറിയത്.
സ്വിസ് ആര്‍മിയുടെ പേനാക്കത്തി (Swiss Army penknife) ആണത്രെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. ഭക്ഷണം കഴിക്കവേ പഴം മുറിക്കാന്‍ ഉപയോഗിച്ചശേഷമാണു പേനാക്കത്തി ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചതെന്നും എന്നാൽ രോഗിക്കു കുഴപ്പമൊന്നും സംഭവിച്ചില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പറയുന്നു.
സർജന്റെയോ രോഗിയുടെയോ പേര് റിപ്പോർട്ടിലില്ല. പേനാക്കത്തി കൊണ്ട് ശസ്ത്രക്രിയ നടത്തേണ്ട അടിയന്തര സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ശസ്ത്രക്രിയാ വിദഗ്ധന്റെ പെരുമാറ്റം സംശയാസ്പദമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.