കനൗജ്: ഉത്തര്‍പ്രദേശിലെ കനൗജില്‍ റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പെണ്‍കുട്ടി സഹായത്തിനായി അഭ്യര്‍ത്ഥന നടത്തുമ്പോഴും പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു ഒരു കൂട്ടം ആളുകള്‍.
ശരീരമാസകലം പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി സഹായാഭ്യര്‍ത്ഥന നടത്തിയത്.
ഞായറാഴ്ച വീട്ടില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് തലയിലുള്‍പ്പെടെ മുറിവുകളുമായി റോഡരുകില്‍ നിന്നും കണ്ടെത്തിയത്.
25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയില്‍, പരിക്കേറ്റ പെണ്‍കുട്ടി അവളുടെ രക്തം പുരണ്ട കൈകള്‍ നീട്ടി സഹായത്തിനായി കൈ നീട്ടുമ്പോള്‍ അതവഗണിച്ച് ചുറ്റുംകൂടി നില്‍ക്കുന്ന പുരുഷന്‍മാര്‍ ഈ ദൃശ്യം തങ്ങളുടെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതിനിടയില്‍ ആരോ പോലീസിനോ അറിയിച്ചോ എന്നും ചോദിക്കുന്നുണ്ട്.
മറ്റൊരാള്‍ പോലീസ് മേധാവിയുടെ നമ്പര്‍ ചോദിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയെ സഹായിക്കാന്‍ ശ്രമിക്കാതെ ചിത്രീകരണം തുടരുകയാണ്.
പിന്നീട് പോലീസ് എത്തിയാണ് പെണ്‍കുട്ടിയെ സഹായിച്ചത്. പോലീസുകാരന്‍ കൈകളിലെടുത്താണ് കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തു. ‘കനൗജില്‍, നിരപരാധിയായ ഒരു പെണ്‍കുട്ടി റോഡരുകില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടിട്ടും സഹായിക്കാന്‍ ആരും മുന്നോട്ട് വന്നില്ല.
ചിലര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. സത്യത്തില്‍ ആരാണ് കുറ്റക്കാര്‍? യഥാര്‍ത്ഥ കുറ്റക്കാര്‍ എപ്പോള്‍ പിടിയിലാകും?”- കോണ്‍ഗ്രസ് ചോദിക്കുന്നു.