ചങ്ങരംകുളം: ചിരട്ടയിൽ വൈവിധ്യമായ ഉത്പ്പന്നങ്ങൾ തീർക്കാൻ കോക്കൂരിലെ പെണ്‍മിത്ര ഒരുങ്ങുന്നു. ചുരുങ്ങിയ കാലം കൊണ്ടു കോക്കൂരിലെ കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച പെണ്‍കൂട്ടായ്മയാണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി കോക്കൂരിലെ തന്നെ വർഷങ്ങളായി ചിരട്ടയിൽ വിവിധ ഉത്പന്നങ്ങൾ നിർമിച്ച് ശ്രദ്ധേനായ പുത്തൻപുരക്കൽ അഹമ്മദുണ്ണിയെന്ന പ്രതിഭയിൽ നിന്നു പെണ്‍കൂട്ടായ്മ പരിശീലനവും നേടിക്കഴിഞ്ഞു.
തരിശായി കിടന്ന കോക്കൂരിലെ വയലുകളിൽ നെൽകൃഷി നടത്തിയ പെണ്‍മിത്ര സംഘമാണ് ഇനി ചിരട്ടയിൽ പരീക്ഷണത്തിനൊരുങ്ങുന്നത്. ഈ പെണ്‍കൂട്ടായ്മക്ക് ചുക്കാൻ പിടിക്കുന്നത് കോക്കൂർ സ്വദേശിയും മികച്ച സാമൂഹ്യ പ്രവർത്തകയുമായ സീനത്ത് കോക്കൂരാണ്.
പ്രദേശത്തെ വനിതകളെയും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി കാർഷിക പാരന്പര്യം തിരിച്ചുകൊണ്ടുവരാൻ പ്രോൽസാഹനങ്ങൾ നൽകുന്നുണ്ട് സീനത്ത് കോക്കൂർ. ചിരട്ടയിൽ വീട്ടുപകരണങ്ങൾ, അലങ്കാരവസ്തുക്കൾ തുടങ്ങിയവ നിർമിച്ച് മറ്റൊരു വിപ്ലം തീർക്കാൻ ഒരുങ്ങുകയാണ് സീനത്ത് കോക്കൂരും സംഘവും.