അതിരന്പുഴ: പ്രതിഷേധം ഫലംകണ്ടു, അതിരന്പുഴ ചന്തക്കുളത്തിലെയും പെണ്ണാർ തോട്ടിലെയും പോള 19 മുതൽ നീക്കം ചെയ്യാൻ ആരംഭിക്കും. പോള നീക്കംചെയ്യാൻ ഒരു ലക്ഷം രൂപയുടെ ടെൻഡറാണു വിളിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പഞ്ചായത്ത് തലത്തിൽ കൂടിയ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണു പോളവാരാൻ തീരുമാനമായത്. പോള നിറഞ്ഞതുമൂലം തോട്ടിൽ ഒഴുക്ക് കുറയുകയും സമീപമുള്ള ചിലപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.
വർഷങ്ങളുടെ ചരിത്രം പറയുന്ന അതിരന്പുഴ മാർക്കറ്റും പെണ്ണാർ തോടും ബന്ധിപ്പിച്ചു ടൂറിസം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തിൽ മാത്രം ഒതുങ്ങിയെന്നു മാത്രമല്ല തോടു കൂടുതൽ മലിനമാകുകയുമായിരുന്നു. കനാൽ ടൂറിസം പദ്ധതിയുടെ ഭാഗമായി 2017 നവംബറിൽ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണു പദ്ധതി ഉദ്ഘാടനം ചെയ്തത്.
പോളയും മറ്റും അടിഞ്ഞ തോട് പിന്നീട് വലിയ ഒരു മാലിന്യ കൂന്പാരമാകുകയാണു ചെയ്തത്. കേന്ദ്ര സർക്കാരിന്റെ ഉൾനാടൻ ജലപാതയായി കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നു കനാലുകളിൽ ഒന്നാണ് 10 കിലോമീറ്ററോളം ദൂരമുള്ള പെണ്ണാർ തോട്. ഒരു കാലത്ത് ബോട്ടുകളും കെട്ടുവള്ളങ്ങളുമായി ഹൈറേഞ്ചിനേയും ആലപ്പുഴയേയും കൊച്ചിയേയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന കേരളത്തിലെ പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു അതിരന്പുഴ.
കുമരകത്തുനിന്നു പെണ്ണാർ തോട്ടിലൂടെ അതിരന്പുഴയിലെത്തുന്ന വിനോദസഞ്ചാരികൾക്കു വേണ്ടി സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിൽ അതിരന്പുഴയിൽ വിശ്രമകേന്ദ്രം ഒരുക്കുകയും ചെയ്തു.
ഓഫീസ് കെട്ടിടമാകട്ടെ ഇപ്പോൾ ജീർണാവസ്ഥയിലാണ്. ജലമാർഗം അതിരന്പുഴയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഇവിടെനിന്നു റോഡ് മാർഗം വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തുടരാനും മറ്റും സഹായമൊരുക്കുന്ന രീതിയിൽ അതിരന്പുഴ ചന്തക്കടവിലെ ബോട്ട്ജെട്ടിക്കു സമീപത്താണ് ഓഫീസ് ഒരുക്കിയത്.