ഒരു മാസം മുമ്പ് കൊട്ടും കുരവയുമായി മൂന്നാറിനെ വിറപ്പിച്ച് തുടങ്ങിയ പെമ്പിളൈ ഒരുമൈ സമരത്തിന് അധോഗതി. എംഎം മണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരേ കൊട്ടും കുരവയുമായി തുടങ്ങിയ നിരാഹാര സമരത്തിന് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നല്‍കിയത്. പ്രത്യേകിച്ച് ചാനലുകള്‍. ഒബി വാനും റിപ്പോര്‍ട്ടര്‍മാരുടെ കുത്തൊഴുക്കും ചേര്‍ന്നതോടെ ചെറുപൂരത്തിന്റെ അവസ്ഥയിലായി സമരപ്പന്തല്‍. കൊഴുപ്പേകാന്‍ പ്രതിപക്ഷ വനിതാ നേതാക്കള്‍ വരിവരിയായി എത്തിയതോടെ ഗോമതിയും സംഘവും ശ്രദ്ധാകേന്ദ്രങ്ങളായി. എന്നാല്‍ ആളും ആരവവും ഒടുങ്ങിയതോടെ സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന ധര്‍മസങ്കടത്തിലാണ് സമരക്കാര്‍. മണിയെ വിടമാട്ടേന്‍ എന്നു പ്രഖ്യാപിച്ച് ആരംഭിച്ച സമരത്തിന് തൊഴിലാളികളായ സ്ത്രീകള്‍ വരെ പിന്തുണ നല്‍കുന്നില്ല.
മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം 16 ദിവസം പിന്നിടുമ്പോള്‍ ആളും ആരവവും ഒഴിഞ്ഞ് പെരുവഴിയിലായിരിക്കുകയാണ്. പന്തല്‍ വാടകയ്ക്കും മറ്റ് നിത്യ ചെലവുകള്‍ക്കുമായി സമര പന്തലിന് മുന്നില്‍ ബക്കറ്റ് വെച്ച് സംഭാവന സ്വീകരിച്ചാണ് സമരം മുന്നോട്ടു കൊണ്ടുപോകുന്നത്. സമരം അവസാനിപ്പിക്കുന്നതിനുള്ള ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് അധികൃതര്‍ മുന്നോട്ടു വരാത്തതോടെ സമരം എങ്ങിനെ അവസാനിപ്പിക്കണമെന്ന ആശങ്കയിലാണ് ഗോമതിയും കൂട്ടരും. പല ദിവസങ്ങളിലും ഗോമതിയും കൗസല്യയും രാജേശ്വരിയും ഇവരുടെ വീട്ടുകാരും മാത്രമാണ് സമരത്തിനുള്ളത്. തൊട്ടടുത്തുള്ള കടക്കാര് പോലും ഇവരെ ഗൗനിക്കുന്നില്ല.
മൂന്നാറിലെ ജനസമ്പര്‍ക പരിപാടിയില്‍ പങ്കെടുക്കാന്‍ ഇടുക്കി കളക്ടറും സബ് കളക്ടറും എത്തുമ്പോള്‍ ചര്‍ച്ച നടത്താമെന്നായിരുന്നു പെമ്പിളൈ ഒരുമെ പ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്നാല്‍ ഇവര്‍ എത്താതിരുന്നതോടെ ആ സാധ്യതയും അവസാനിച്ചു. മണിയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയതോടെ സമരം പതിയെ ഒതുക്കാമെന്ന തീരുമാനത്തിലാണ് സമരക്കാരെന്നാണ് സൂചന.