ശരവേഗത്തിലായിരുന്നു ഗ്രിസെൽഡയുടെ വളർച്ച. ചെറുതും വലുതുമായ നിരവധി മയക്കുമരുന്നു സംഘങ്ങളെ തകർത്ത് മയക്കുമരുന്ന് വ്യാപാരത്തിൽ ആധിപത്യം സ്ഥാപിച്ചു.
മയക്കുമരുന്ന് കടത്താൻ സ്വന്തമായി വിമാനം വരെ ഇവർക്കുണ്ടായിരുന്നു. നിരവധി ഏജന്റുമാർ ഇവർക്കായി പണിയെടുത്തു. വ്യാപാരത്തോടൊപ്പം വ്യത്യസ്ത ഗുണത്തിലും വീര്യത്തിലുമുള്ള മയക്കുമരുന്നുകളുടെ അടിമകൂടിയായിരുന്നു ഗ്രിസെൽഡ.
ഭർത്താവ് ബ്രാവോ തന്നെ വഞ്ചിക്കുന്നതായി ഇതിനിടെ ഗ്രിസെൽഡയ്ക്കു സംശയമായി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ കോർത്തു. ബ്രാവോയെ കൊലപ്പെടുത്താൻ അവൾ തുനിഞ്ഞു.
പക്ഷേ, ഗ്രിസെൽഡ തോക്കെടുക്കും മുന്പേ ബ്രാവോ ഗ്രിസെൽഡയുടെ വയറിലേക്കു വെടിയുതിർത്തു. എന്നാൽ, വെടിയേറ്റിട്ടും തോറ്റു പിൻമാറാൻ അവൾ തയാറായില്ല. കലികയറിയ ഗ്രിസെൽഡ ബ്രാവോയുടെ കൈയിലുണ്ടായിരുന്ന തോക്ക് ബലംപ്രയോഗിച്ചു പിടിച്ചുമേടിച്ചു. തുടർന്നു ബ്രാവോയെ തുരുതുരാ വെടിവച്ചു.
അയാളുടെ ആറ് അംഗരക്ഷകരെയും അവൾ കൊന്നുവീഴ്ത്തി. പക്ഷേ, ഇതോടെ അവൾക്ക് ന്യൂയോർക്കിൽ നിൽക്കക്കള്ളിയില്ലാതായി. പോലീസിന്റെ നോട്ടപ്പുള്ളിയായതോടെ ഉടൻ അറസ്റ്റ് ചെയ്യപ്പെടുമെന്നു തിരിച്ചറിഞ്ഞ അവൾ കൊളംബിയയിലേക്കു രക്ഷപ്പെട്ടു. സ്വന്തം വിമാനത്തിലായിരുന്നു അവളുടെ രക്ഷപ്പെടൽ.
മയാമിയിൽ താവളമുറപ്പിച്ചു
1978ൽ ഡാരിയോ സെപുല്വേദയെന്നയാളെ ഗ്രിസെല്ഡ വിവാഹം കഴിച്ചു. മയക്കുമരുന്ന് വലിയ അളവിൽ ഉപയോഗിച്ചതോടെ ഗ്രിസെൽഡയുടെ മുഖത്തിന്റെ ഭാവംതന്നെ മാറിപ്പോയിരുന്നു. പഴയ ചിത്രംവച്ച് അവളെ പിടികൂടുക പ്രയാസമായി അന്വേഷണ ഉദ്യോഗസ്ഥർക്ക്.
മൂന്നാം ഭർത്താവിനോടൊപ്പം ഗ്രിസെല്ഡ മയാമിയിലേക്കു കടന്നു. അധികം വൈകാതെ മയാമിയും അവളുടെ ചൊൽപ്പടിയിലായി. പോലീസുകാർക്കു റിവോൾവർ മാത്രം ഉള്ളപ്പോൾ അത്യാധുനിക ആയുധങ്ങളുമായിട്ടായിരുന്നു ഗ്രിസെൽഡയുടെ വിളയാട്ടം.
മയാമിയിലും കൊടുംക്രൂരതകളുടെ കഥകളാണ് അവൾ ചോരയിൽ മുക്കി എഴുതിയത്. നിരവധിപ്പേരെ കൊന്നു തള്ളി. കൊക്കൈയ്ൻ കൗബോയ്സ് എന്നൊരു സംഘംതന്നെ അവൾക്കുവേണ്ടി പ്രവർത്തിച്ചു.
മയാമിയിലെ തെരുവുകളിൽ മയക്കുമരുന്നു സംഘത്തിന്റെ ഏറ്റുമുട്ടലുകൾ പതിവായി. കൂട്ടക്കുരുതികളെത്തുടർന്നു ട്രക്കുകളിൽ പോലും മൃതദേഹം നീക്കം ചെയ്യേണ്ട അവസ്ഥയുണ്ടായി.
അനിഷ്ടം തോന്നിയാൽ
ചെറിയൊരു അനിഷ്ടം മതി, എതിരാളിയെ കൊന്നുതള്ളാൻ ഗ്രിസെൽഡയ്ക്കു മടിയില്ലായിരുന്നു. കൊലപ്പെട്ടവരുടെ ചെവിയോ മൂക്കോ മുറിച്ചെടുത്തു ഗ്രിസെൽഡയുടെ കാൽചുവട്ടിൽ വയ്ക്കുന്ന പതിവും കൊലപാതക സംഘത്തിനുണ്ടായിരുന്നു. പല കൊലപാതകങ്ങളും അവർ നേരിട്ടും നടത്തിയിട്ടുണ്ട്.
ഇരയുടെ ആഗ്രഹം അനുസരിച്ചു കൊലപ്പെടുത്താനും അവൾ തുനിഞ്ഞിരുന്നു. വെട്ടിക്കൊല്ലരുതെന്നു യാചിച്ചവരെ അവൾ തോക്കെടുത്തു വെടിവച്ചു കൊന്നു. വെടിവയ്ക്കരുതേയെന്നു യാചിച്ചവരെ മറ്റു രീതികളിലും. തന്റെ ഭർത്താവുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തിൽ കുറെ സ്ത്രീകളെയും അവൾ കൊന്നു തള്ളി.
ആഡംബര ജീവിതം
1980കളിലൊക്കെ ഗ്രിസെൽഡയുടെ സാമ്രാജ്യം തഴച്ചു വളർന്നു. 1500 കിലോയിലധികം കൊക്കൈയ്ൻ ആണ് അക്കാലത്തു പ്രതിമാസം കടത്തിയത്. ക്രൂരത മാത്രമല്ല, ആഡംബര ജീവിതവും അവൾ ആസ്വദിച്ചിരുന്നു. ആഡംബര കാറുകളുടെ വൻ ശേഖരം അവളുടെ ഹോബിയായിരുന്നു.
വില കൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും അവൾ ധരിച്ചു. ലൈംഗിക വൈകൃതങ്ങളും ബലഹീനതയായിരുന്നു. സ്വന്തം വീട്ടിൽ മയക്കുമരുന്ന് നൽകി കണ്ണാടിക്കൂട്ടിൽ താനുമായി വേഴ്ചനടത്താൻ അവൾ യുവാക്കളെ നിർബന്ധിക്കുമായിരുന്നു. മനോനില തെറ്റിയ കുറ്റവാളിയെന്നാണ് അക്കാലത്തു ഗ്രിസെൽഡ വിശേഷിപ്പിക്കപ്പെട്ടത്.
മൂന്നാം ഭർത്താവിനെയും കൊന്നു
1983ല് ഭര്ത്താവ് ഡാരിയോ ഗ്രിസെൽഡയെ വിട്ടു കൊളംബിയയിലേക്കു രക്ഷപ്പെട്ടു. അതോടെ അയാളെയും അവൾ കൊന്നു. ഭർത്താക്കൻമാരെ കൊലപ്പെടുത്തുക പതിവായതോടെയാണ് കറുത്ത വിധവ എന്ന പേര് അവൾക്കു കിട്ടിയത്.
1984ൽ ഗ്രിസെൽഡയുടെ തലയ്ക്ക് അമേരിക്കൻ ഭരണകൂടം നാലു മില്യണ് ഡോളര് വിലയിട്ടു. ഇതോടെ അവര് കലിഫോര്ണിയയിലേക്കു രക്ഷപ്പെട്ടു. അവിടെ ഒളിവിൽ കഴിഞ്ഞെങ്കിലും 1985ൽ പിടിയിലായി. പക്ഷേ, ജയിലിൽ കിടന്നും തന്റെ മക്കൾ വഴിയും അടുത്ത അനുയായികൾ വഴിയും അവൾ കച്ചവടം തുടർന്നു. നിരവധി കൊലപാതകങ്ങൾ അവർ നടത്തിയെങ്കിലും ഒന്നിനും തെളിവില്ലായിരുന്നു.
പക്ഷേ, ഒടുവിൽ മൂന്നു കൊലപാതകത്തിൽ അവൾക്കു പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർക്കു തെളിവു കിട്ടി. ഈ കേസിൽ അവൾ വർഷങ്ങളോളം ജയിലിൽ കിടന്നു. 2004ൽ ജയിൽ മോചിതയായി. ഇതിനിടെ, ഗ്രിസെൽഡയുടെ നാലു മക്കളിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ജയിൽമോചിതയായ ഗ്രിസെൽഡയെ കൊളംബിയയിലേക്കു നാടുകടത്തി. ഒടുവിൽ അവളും.
രണ്ടു മക്കളെ എതിരാളികൾ കൊലപ്പെടുത്തിയതോടെ തന്റെ മയക്കുമരുന്ന് സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത് അവളെ വല്ലാതെ ഉലച്ചിരുന്നു.
അവളോടൊപ്പം നിന്നവരെല്ലാം ജയിലിൽ കിടന്ന നാളുകളിൽ എതിരാളികളോടൊപ്പം നിലയുറപ്പിച്ചതും അവൾക്കു തിരിച്ചടിയായി. ഇനിയൊരു അങ്കത്തിനു ബാല്യമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. കൊളംബിയയിലേക്കു നാടുകടത്തിയതോടെ ഏതു നിമിഷവും ഗ്രിസെൽഡ കൊല്ലപ്പെടുമെന്ന് അധികൃതർക്ക് അറിയാമായിരുന്നു.
എന്നാൽ, ജയിൽമോചിതയായി എട്ടു വർഷം പിന്നിട്ടിട്ടും അവൾക്കൊന്നും സംഭവിച്ചില്ല. കൊളംബിയൻ തലസ്ഥാനത്ത് അംഗരക്ഷകരൊന്നും ഇല്ലാതെയാണ് അവർ കഴിഞ്ഞത്.
എന്നാൽ, ഒടുവിൽ അതു സംഭവിച്ചു, 2012 സെപ്റ്റംബറിൽ ബൈക്കിലെത്തിയ അക്രമിസംഘം വഴിയിൽ അവളുടെ തലയ്ക്കുനേരെ രണ്ടുവട്ടം വെടിവച്ചു. ഇതോടെ കറുത്ത ഒരു അധ്യായം അവസാനിച്ചു. ഏതാണ്ട് രണ്ടായിരത്തോളം കൊലപാതകങ്ങൾ ഇവരുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പക്ഷേ, ഒന്നിനും തെളിവില്ലാത്തത് ഇവരെ രക്ഷപ്പെടുത്തിയെന്നു മാത്രം. ഇവർക്കെതിരേ തെളിവു കൊടുക്കാൻ ആളുകൾക്കു ഭയമായിരുന്നു. ഇവരുടെ ജീവചരിത്രത്തെ ആധാരമാക്കി പിന്നീടു ഹോളിവുഡിൽ സിനിമയും പുറത്തിറങ്ങി.