ഭക്ഷണത്തിനായി ദൂരയാത്ര ചെയ്യുന്ന ജീവികള്‍ ധാരാളമാണ്. ഇതുവരെ പെന്‍ഗ്വിനുകളെ ഈ ഗണത്തില്‍ കൂട്ടിയിരുന്നില്ല. എന്നാല്‍ ഒരു ഹംബോള്‍ട്ട് പെന്ഗ്വിന് നടത്തിയത് ചരിത്രം കുറിച്ച യാത്രയാണ്. പെറുവിയന്‍ നഗരമായ ചിംബോട്ടിലെ മേരി തഞ്ചേവ എന്ന സ്ത്രീയുടെ അടുക്കളയില്‍ നിന്നും പിടിയിലായ ഹംബോള്‍ട്ട് പെന്‍ഗ്വിനാണ് ഭക്ഷണം തേടി ഈ അതിസാഹസിക യാത്ര നടത്തിയത്. പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് ഹംബോള്‍ട്ട് പെന്‍ഗ്വിനുകളെ കാണപ്പെടുന്നത്. ലിമയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് ചിംബോട്ട്.
തെരുവില്‍ക്കൂടി കുറേ അലഞ്ഞതിനു ശേഷമാണ് കുട്ടിപെന്ഗ്വിന് വിശന്നപ്പോള്‍ മേരിയുടെ അടുക്കളയില്‍ കയറുന്നത്. അടുക്കളയില്‍ ചട്ടിയും കലവുമൊക്കെ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട മേരി ആദ്യം വിചാരിച്ചത് ഏതോ കള്ളന്മാരാണെന്നാണ്. കള്ളനെ നേരിടാനുള്ള സന്നാഹവുമായി അടുക്കളയിലെത്തിയ മേരിയും കുട്ടികളും അവിടെ പെന്ഗ്വിന് കുഞ്ഞിനെക്കണ്ട് അമ്പരന്നു. ഇതെവിടെ നിന്നു വന്നെന്നു തങ്ങള്‍ക്കറിയില്ലെന്നു മേരി പറയുന്നു. തങ്ങളെക്കണ്ടപ്പോള് പെന്ഗ്വിന് തങ്ങളുടെ നേര്‍ക്കു നടക്കാന്‍ തുടങ്ങിയെന്നും ഇതുകണ്ട് മക്കള്‍ നിലവിളിച്ചെന്നും മേരി പറയുന്നു.
മേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അങ്ങനെ പോലീസെത്തി അപകടമൊന്നും കൂടാതെ പെന്ഗ്വിന് കുഞ്ഞിനെ കസ്റ്റഡിയിലെടുത്തു. അവസാനം ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം ചിമ്പോട്ടിലെ മൃഗശാലയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. അതു പ്രകാരം മൃഗശാലയിലെ വലിയ തടാകത്തിലേക്കു തുറന്നു വിടുകയും ചെയ്തു. മൃഗഡോക്ടറുമാരുടെ വിദഗ്ധസംഘത്തിന്റെ നിരീക്ഷണത്തിനു ശേഷം ഇവനെ കടലിയേക്കു മടക്കി അയയ്ക്കാനാണ് പദ്ധതി. ഭക്ഷണം തേടിയാണ് ഇവന് ഇത്രദൂരം പിന്നിട്ടതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.