ഒറ്റപ്പാലം: പെൻസിൽ കാർവിംഗിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ച എൻ.ആർ.അഖിലിന് ഇത് അഭിമാനമുഹൂർത്തം.
പതിമൂന്നു മണിക്കൂറിൽ 118 മൂലകങ്ങളുടെ പേരുകൾ പെൻസിലിൽ കൊത്തിയെടുത്താണ് ലക്കിടി നെന്പടിക്കുന്നത്ത് രാജൻ-ശ്രീലത ദന്പതികളുടെ മകനായ അഖിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ നേടിയെടുത്തത്.
ഇന്ത്യൻ ബുക്ക് ഓഫ് എഡിറ്റോറിയലാണ് ഈ നേട്ടത്തിനു അഖിലിനെ തെരഞ്ഞെടുത്തത്. ഭൂമിയിൽ സ്വാഭാവികമായി കാണപ്പെടുന്നതും മനുഷ്യനിർമിതവുമായ മൂലകങ്ങളുടെ പേരുകൾ പെൻസിലിൽ കൊത്തിയെടുത്ത അഖിലിന്റെ കഴിവിനുള്ള അംഗീകാരമാണ് വന്നുചേർന്നിട്ടുള്ളത്.
നേരത്തെ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ അഖിൽ ഇടം കണ്ടെത്തിയിരുന്നു. പാലക്കാട് ഗവണ്മെന്റ് പോളിടെക്നിക്കിൽനിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമ പൂർത്തിയാക്കിയ അഖിലിന്റെ കരവിരുതിൽ മൂലകങ്ങളുടെ പേരുകൾ പെൻസിലിൻ തുന്പത്ത് അത്ഭുതകരമായി രൂപംകൊണ്ടു.
പതിമൂന്നു മണിക്കൂറിൽ 118 മൂലകങ്ങളാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കുന്ന 10 ബി പെൻസിലിൽ അഖിൽ കൊത്തിയടുത്തത്. സ്കൂൾ പഠനകാലംമുതൽ ചിത്രരചനയിൽ തത്പരനായ അഖിൽ പഠനത്തോടൊപ്പം പെൻസിൽ കൊത്തിയെടുത്ത് രൂപങ്ങൾ ഉണ്ടാക്കാനും സമയം കണ്ടെത്തിയിരുന്നു.
കുപ്പികളിലും ആശംസാ കാർഡുകളിലും പെൻസിൽ കൊത്തിയെടുത്ത് മനോഹരമാക്കി ആവശ്യക്കാർക്ക് നല്കാറുണ്ട്. പെൻസിൽ ഉപയോഗിച്ച് ഇനിയും പുതിയ സാധ്യതകളുടെ ചക്രവാളങ്ങൾ തേടാനാണ് അഖിൽ തീരുമാനിച്ചിരിക്കുന്നത്.
ഏകാന്തതയും അതിലേറെ ഏകാഗ്രതയും വേണ്ടതാണ് പെൻസിൽ ഉപയോഗിച്ചുള്ള കരവിരുതെന്നാണ് അഖിലിന്റെ പക്ഷം. ലക്കിടിപേരൂർ ഗ്രാമപഞ്ചായത്തംഗമായ അമ്മ ശ്രീലതയുടെയും അച്ഛൻ രാജന്റയും പൂർണ പിന്തുണ അഖിലിനുണ്ട്.