എടത്വ: ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ ജന്മനാ കിടപ്പുരോഗിയായ യുവതിയുടെ വികലാംഗ പെൻഷൻ നിഷേധിച്ചതായി പരാതി. തകഴി ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ ചെക്കിടിക്കാട് ഇരുപത്തിനാലിൽചിറ ബാലകൃഷ്ണന്റെ മകൾ ഗിരിജ (32)യുടെ വികലാംഗ പെൻഷനാണ് പഞ്ചായത്ത് അധികൃതർ നല്കാത്തത്. ജന്മനാ സംസാരശേഷിയോ കേഴ്വിശക്തിയോ ഇല്ലാത്ത കിടപ്പുരോഗിയായ ഗിരിജയുടെ ശോഷിച്ച കൈകാലുകൾ നിവർത്താനോ, പരസഹായമുണ്ടങ്കിൽപോലും ചലിപ്പിക്കുവാനോ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ സെപ്റ്റംബർ മാസം വരെ വികലാംഗ പെൻഷൻ ലഭിച്ചിരുന്നു.
തുടർന്ന് പെൻഷൻ ലഭിക്കാതെ വന്നതോടെ തകഴി പഞ്ചായത്തിൽ പിതാവ് ബാലകൃഷ്ണൻ വിവരം അന്വേഷിച്ചെത്തി. ആധാർ കാർഡ് ഇല്ലാത്തതാണ് പെൻഷൻ നിർത്തലാക്കാൻ കാരണമെന്ന് ജീവനക്കാർ അറിയിച്ചു. കിടപ്പുരോഗികളായവരുടെ ആധാർകാർഡ് വീട്ടിൽ ചെന്നെടുക്കണമെന്നിരിക്കേ അതിനുള്ള കരുണ പോലും ശയ്യാവംലംബയായ ഗിരിജയോടു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാട്ടിയില്ല.
വിറക്കുന്ന ശരീരമായതിനാൽ ഗിരിജയുടെ ഫോട്ടോ എടുക്കാനോ, നിവർത്താനാകാത്ത കൈവിരലുകൾ യന്ത്രത്തിൽ പതിപ്പിക്കാനോ സാധിക്കാത്ത അവസ്ഥയിലുമാണ്. ആധാർ കാർഡില്ലെങ്കിൽ പെൻഷൻ തരില്ലെന്ന കടുംപിടുത്തത്തിനു മുന്നിൽ നിസഹായതയോടെ കണ്ണീർ വാർക്കുകയാണ് ഈ കുടുംബം.
കർഷകത്തൊഴിലാളി കുടുംബത്തിൽപെട്ട ബാലകൃഷ്ണന്റേയും ചെല്ലമ്മയുടേയും മകളാണ് ഗിരിജ. ജന്മന കിടപ്പിലായ ഗിരിജ ഒരിക്കെലെങ്കിലും രോഗാവസ്ഥയിൽനിന്ന് മുക്തിനേടാണമെന്നാഗ്രഹിച്ച് മാതാപിതാക്കൾ നിരവധി ആശുപത്രികളുടെ പടികൾ കയറിയിറങ്ങി. കൂലിപ്പണിയിൽ നിന്നും കിട്ടുന്ന തുശ്ചമായ വരുമാനവും, കടം വാങ്ങിയുമാണ് ചികിത്സ നടത്തിയത്.
ഡോക്ടർമാർ നിർദ്ദേശിക്കുന്ന തരത്തിൽ വർഷങ്ങളോളം ചികിത്സ നടത്തിയിട്ടും ഗിരിജയുടെ രോഗം ഭേദമായില്ല. സ്വതന്ത്രമായി കൈകാലുകൾ ചലിപ്പിക്കാനോ ശബ്ദിക്കാനോ കഴിയാത്ത ഗിരിജയ്ക്ക് അച്ഛനും അമ്മയുമാണ് തുണ. നാലു വയസു മുതൽ ഗിരിജയ്ക്ക് വികലാംഗ പെൻഷൻ ലഭിച്ചിരുന്നു.
വൈകല്യത്തിന്റെ തോത് കൂടുതലായതിനാൽ പ്രതിമാസം 1100 രൂപ വീതമാണ് പഞ്ചായത്തിൽനിന്ന് ലഭിച്ചു കൊണ്ടിരുന്നത്. കൂലിപ്പണിക്കാരായ ഈ കുടുംബത്തിന് മകളുടെ പെൻഷൻ വലിയ ആശ്വാസമായിരുന്നു. പെൻഷൻ പുനസ്ഥാപിച്ച് കിട്ടാൻ ഇനിയെന്ത് ചെയ്യണമെന്നറിയാതെ തളർന്നിരിക്കുകയാണ് ഈ നിർധന കുടുംബം.