കൽപ്പറ്റ: സർക്കാരിന്റെ കർഷക പെൻഷൻ മുടങ്ങിയിട്ട് 11 മാസം കഴിഞ്ഞു. കുടിശിക ഭാഗികമായി നൽകാൻ പോലും നടപടിയുണ്ടായിട്ടില്ല. 1100 രൂപയായി പെൻഷൻ ഉയർത്തിയെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ ഒരു രൂപപോലും വയനാട്ടിലെ ജില്ലയിലെ കർഷകരുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇതിനിടെ മറ്റ് ക്ഷേമപെൻഷനുകൾ ലഭിക്കുന്നുണ്ടെങ്കിൽ 600 രൂപമാത്രമേ ലഭിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
എന്നാൽ ആ തുകയും ലഭിച്ചിട്ടില്ല. നല്ലകാലത്ത് മണ്ണിൽ അധ്വാനിച്ചവർക്ക് വാർധക്യത്തിൽ പെൻഷന് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ്. ഭൂരിഭാഗം പേരും ശാരീരിക അവശതകൾ നേരിടുന്നവരാണ്. കർഷക പെൻഷൻ നിർണയിക്കുന്നതിലും അശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് സർക്കാർ പിൻതുടരുന്നതെന്ന് കർഷകർ ആരോപിക്കുന്നു. കർഷക ദന്പതികളിൽ ഒരാൾക്കുമാത്രമാണ് പെൻഷന് അർഹതയുള്ളത്.
മിക്ക ചെറുകിട കർഷക കുടുംബങ്ങളിലും ദന്പതികൾ ഒരുമിച്ചായിരിക്കും കൃഷിപ്പണി ചെയ്യുന്നത്. എന്നാൽ ഒരാൾക്കുമാത്രമേ പെൻഷൻ ലഭിക്കൂ. പെൻഷൻ ലഭിച്ചയാൾ മരണപ്പെട്ടാലും മറ്റേയാൾക്ക് നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. സമാനമായി രണ്ട് ഏക്കറിൽ കുറവ് ഭൂമിയുള്ളവർക്കുമാത്രമേ കർഷക പെൻഷൻ ലഭിക്കൂ. മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ ആറ് ഏക്കർ ഭൂമിയുള്ളവർ വരെ ചെറുകിട കർഷകരായി വേണം പരിഗണിക്കാൻ.
എന്നാൽ പ്രാദേശികമായ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ നിശ്ചയിച്ച ഈ മാനദണ്ഡം കാരണം അർഹതപ്പെട്ടവർക്ക് പോലും പെൻഷന് അപേക്ഷിക്കാനാവുന്നില്ല. മാനദണ്ഡങ്ങൾ നോക്കാതെ പത്ത് ഏക്കറിൽ താഴെ ഭൂമിയുള്ള മുഴുവൻ പേർക്കും പെൻഷൻ അനുവദിക്കണമെന്നും കർഷകരുടെ പെൻഷൻ തുക ഉയർത്തമെന്നും വയോജന കർഷകരുടെ കൂട്ടായ്മയായ വയോജന കർഷക വേദി ആവശ്യപ്പെടുന്നു.