മുക്കം: അവിവാഹിത, വിധവാപെൻഷൻ ഗുണഭോക്താക്കളിൽ നിന്ന് ഇപ്പോഴേ ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം ചോദിച്ചുവാങ്ങേണ്ടതില്ലെന്ന് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. അവിവാഹിത, വിധവാപെൻഷൻ ഗുണഭോക്താവ് വിവാഹം അല്ലെങ്കിൽ പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്നതിന് ഇതുവരെ എല്ലാ ഡിസംബർ മാസവും സ്വയം സാക്ഷ്യപത്രം നൽകിയാൽ മതിയായിരുന്നു.
എന്നാൽ സാമൂഹിക സുരക്ഷാ പെൻഷൻ ലിസ്റ്റിൽ അനർഹർ കടന്നു കൂടുന്നതായി കണ്ടെത്തിയതോടെയാണ് ഗുണഭോക്താക്കൾ ഓരോ വർഷവും സമർപ്പിക്കേണ്ട സ്വയം സാക്ഷ്യപത്രത്തിനു പകരം ഗസറ്റഡ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ഈ വർഷം മുതൽ സർക്കാർ നിർബന്ധമാക്കിയത്. ഇത് പ്രകാരം പെൻഷൻ മുടങ്ങാതിരിക്കാൻ അടുത്ത ഡിസംബറോടു കൂടി ഗുണഭോക്താക്കൾ ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം സമർപ്പിച്ചാൽ മതി.
എന്നാൽ ഈ സർട്ടിഫിക്കറ്റ് ഉടൻ തന്നെ സമർപ്പിക്കണമെന്ന് ഗുണഭോക്താക്കളോട് പ്രാദേശിക സർക്കാറുകൾ നിർദേശിക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം നൽകണമെന്ന വ്യവസ്ഥ 2019 ഡിസംബർ മാസം മുതൽ ആരംഭിച്ചാൽ മതിയെന്നും തുടർന്നുവരുന്ന എല്ലാ വർഷങ്ങളിലെയും ഡിസംബർ മാസത്തിൽ ഇത്തരത്തിൽ സാക്ഷ്യപത്രം സമർപ്പിച്ചാൽ മതിയെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ഇത്തരത്തിൽ സമർപ്പിക്കാത്ത വിധവ, അവിവാഹിത പെൻഷൻ ഗുണഭോക്താക്കളുടെ സാമൂഹിക സുരക്ഷാ പെൻഷൻ പ്രസ്തുത സാക്ഷ്യപത്രം സമർപ്പിക്കുന്നത് വരെ താൽക്കാലികമായി തടഞ്ഞു വെക്കും. സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ച് നൽകും. ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം നിർബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.