ജിബിൻ കുര്യൻ
കോട്ടയം: മാസാമാസം ലഭിച്ചുകൊണ്ടിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ വിതരണവും നിലച്ചു. സംസ്ഥാന സർക്കാരിന്റെ കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് പെൻഷൻ മുടങ്ങാൻ കാരണമായിരിക്കുന്നത്.
വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 55 ലക്ഷം പേർക്കാണ് പ്രതിമാസം 1600 രൂപ വീതം ലഭിച്ചുകൊണ്ടിരുന്നത്.
കഴിഞ്ഞ ഓണത്തിനു കുടിശികയുളള പെൻഷൻ തീർത്തു നൽകിയതാണ്. തുടർന്ന് സെപ്റ്റംബറിലെ പെൻഷൻ വിതരണം ഇനിയും പൂർത്തിയായിട്ടില്ല. ബാങ്ക് അക്കൗണ്ടിലൂടെ പെൻഷൻ വാങ്ങുന്നവർക്കു മാത്രമാണ് സെപ്റ്റംബറിലെ പെൻഷൻ ലഭിച്ചത്.
ഒക്ടോബറിലെ പെൻഷൻ വിതരണം നവംബർ ആദ്യവാരം ആരംഭിക്കേണ്ടതാണ്. ഒക്ടോബർ 25ന് പെൻഷൻ അനുവദിച്ച് ഉത്തരവിറങ്ങേണ്ടതാണെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല.
സെപ്റ്റംബർ മുതൽ പെൻഷൻ മുടങ്ങിയ സാഹചര്യത്തിൽ ക്രിസ്മസിനു മുന്പ് മൂന്നു മാസത്തെ പെൻഷൻ ഒരുമിച്ചു നൽകാൻ കഴിയുമോ എന്ന ചിന്തയിലാണ് സർക്കാർ.
സിപിഎമ്മും എൽഡിഎഫും ഇക്കാര്യത്തിൽ സർക്കാരിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഓണം, ക്രിസ്മസ്, വിഷു വേളകളിൽ മൂന്നു മാസത്തെ പെൻഷൻ ഒരുമിച്ചു കൊടുക്കുന്നതായിരുന്നു രീതി.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുലക്ഷ്യമാക്കി പെൻഷൻ പ്രതിമാസം നൽകുമെന്ന് സിപിഎം പ്രഖ്യപനം നടത്തിയിരുന്നു.