കാട്ടിക്കുളം: കാഴ്ച്ചയില്ലാത്ത വനവാസി വൃദ്ധന് ക്ഷേമ പെൻഷനില്ല. രണ്ട് കണ്ണിനും കാഴ്ച്ചയില്ലാതെ വർഷങ്ങളായി തളർന്ന് കിടക്കുന്ന തോൽപ്പെട്ടി വെള്ളറ കാട്ടുനായ്ക്കകോളനിയിലെ രാജു(60) വിനാണ് ആനുകൂല്യം ലഭിക്കാത്തത്.
രണ്ടുകാലുകൾക്കും സ്വാധിനമില്ലാത്ത ഇയാൾ കാട്ടിക്കുളം വെള്ളാഞ്ചേരി കോളനിയിലായിരുന്നു സ്ഥിരതാമസം. ഇവിടെ വന്ന് താമസം തുടങ്ങിയിട്ട് മുന്ന് വർഷത്തോളമായന്ന് ഭാര്യ ശാന്ത പറയുന്നു. 65 വയസ് കഴിഞ്ഞ മിക്ക ആൾക്കാരും പുറത്ത് കുലി പണിക്ക് പോകുകയും പെൻഷൻ വാങ്ങുന്നവരുമാണ്.
നേരിയ തോതിൽ വികലാംഗമുള്ളവർ പോലും ക്ഷേമ പെൻഷനുംമറ്റ് ആനുകൂല്യങ്ങളും വാങ്ങുന്പോൾ അർഹതയുള്ള രാജുവിന് ഇതൊ ന്നും ലഭിക്കാനുള്ള നടപടിയില്ല. രാജു-ശാന്ത ദന്പതികളെ സംരക്ഷിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥയിലാണ്.
ഇതേ കോളനിയിൽ തന്നയുള്ള ചില വിധവകൾക്കും വൃദ്ധർക്കും ക്ഷേമ പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. തിരുനെല്ലിയിൽ തന്നെ രണ്ട് പെൻഷൻ വാങ്ങുന്ന നിരവധിയാളുകളും നിലവിലുള്ളപ്പോഴാണ് കാഴ്ച്ചയില്ലാത്ത രാജുവിന് ഒരാനുകൂല്യവും ലഭിക്കാത്തത്.
അർഹത പെട്ടവർക്ക് ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകുമെന്നാണ് സർക്കാർ വാദം. എന്നാൽ അന്ധനായ രാജുവിന് എപ്പോഴാണ് ക്ഷേമ പെൻഷൻ ലഭിക്കുക എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.