ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരുടേ വിരമിക്കൽ പ്രായം 56 തന്നെയെന്നു സർക്കാർ ദേവസ്വത്തെ അറിയിച്ചു. ഇതുസംബന്ധിച്ചു ദേവസ്വം സെക്രട്ടറിയുടെ കത്ത് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കു ലഭിച്ചു.സർക്കാർ ജീവനക്കാരുടേതിന് അനുസൃതമായി കെഎസ്ആർ നിഷ്കർഷിച്ച പ്രകാരം എല്ലാ ദേവസ്വം ജീവനക്കാരുടേയും വിരമിക്കൽ പ്രായം 56 ആണ്. അതിനാൽ വിരമിക്കൽ പ്രായം 60 ആക്കാനുള്ള ശിപാർശ പരിഗണിക്കാനാവില്ലെന്നു സർക്കാർ ദേവസ്വത്തെ അറിയിച്ചു.
കൃഷ്ണനാട്ടം ജീവനക്കാർക്കു ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കാനുള്ള നടപടിക്രമങ്ങൾ അടിയന്തരമായി സ്വീകരിച്ചു സർക്കാരിലേക്കു റിപ്പോർട്ട് നൽകാനും ഉത്തരവിലുണ്ട്. കഴിഞ്ഞ ഭരണസമിതി ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി തീരുമാനമെടുത്തിരുന്നു. എന്നാൽ സർക്കാർ ഉത്തരവ് ലഭിക്കാത്തതിനാൽ ഇതു പ്രാബല്യത്തിലായിരുന്നില്ല.
കഴിഞ്ഞ 31നു വിരമിക്കേണ്ട മാനേജർ ആർ. പരമേശ്വരൻ ഭരണസമിതി തീരുമാനപ്രകാരം കോടതിയെ സമീപിച്ചിരുന്നു. ഇതനുസരിച്ച് ആനുകൂല്യങ്ങളില്ലാതെ ഒരുമാസത്തേക്കു തുടരാൻ പരമേശ്വരനു കോടതി അനുവാദം നൽകി. ഡിസംബറിൽ വിരമിക്കേണ്ടിയിരുന്ന മറ്റു ജീവനക്കാരും ഇങ്ങനെ തുടരുകയാണ്. കേസ് പരിഗണിക്കുന്ന ഫെബ്രുവരി രണ്ടിനു സർക്കാർ തീരുമാനം കോടതിയെ അറിയിക്കും.