തിരുവനന്തപുരം: ജനുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സാമൂഹിക സുരക്ഷാ പെൻഷൻ തുക വർധിപ്പിക്കുന്നത് ആലോചനയിൽ. നിലവിൽ നൽകുന്ന 1600 രൂപയിൽ നിന്ന് 1800 രൂപയായെങ്കിലും വർധിപ്പിക്കണമെന്നാണു നിർദേശം.
ചായ അടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെ വില വർധിച്ച സാഹചര്യത്തിൽ ക്ഷേമ പെൻഷൻ 2,000 രൂപയാക്കിയെങ്കിലും ഉയർത്തണമെന്ന നിർദേശവുമുയരുന്നുണ്ട്. നിലവിലെ ക്ഷേമപെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന അനർഹരുടെ എണ്ണത്തിന്റെ കൂടി ആനുപാതികമായിട്ടാകും എത്രത്തോളം വർധന വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
നിലവിൽ ക്ഷേമപെൻഷൻ കൈപ്പറ്റുന്ന 62 ലക്ഷം പേരിൽ ഏഴു ലക്ഷം പേരെങ്കിലും അനർഹരാണെന്നാണു കണക്ക്. ഇവരെ ഒഴിവാക്കിയാൽ ഇത്രയും തുക അർഹരായവർക്ക് അധികമായി നൽകാനാകും. വരുന്ന നവംബറിൽ തദ്ദേശ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ക്ഷേമപെൻഷൻ തുക വർധിപ്പിക്കുന്ന പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിൽ വേണമെന്ന നിർദേശം സജീവമായത്.
സംസ്ഥാന ബജറ്റ് 2025 ജനുവരി 24ന് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സാമൂഹികസുരക്ഷാ പെൻഷൻ 2500 രൂപ ആക്കി ഉയർത്തുമെന്നായിരുന്നു 2021ലെ എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാൽ, കെ.എൻ. ബാലഗോപാലിന്റെ നാലാം ബജറ്റിലേക്ക് എത്തിയിട്ടും തുകയിൽ വർധന വരുത്താനായില്ല.
വരുന്നതു തെരഞ്ഞെടുപ്പു വർഷങ്ങളായതിനാൽ അധിക നികുതി ചുമത്താതെ ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനാകും ധനമന്ത്രി ശ്രമിക്കുക. നിലവിൽ ക്ഷേമപെൻഷനിൽ നാലു ഗഡുക്കൾ കുടിശികയുണ്ട്. ജനുവരി മൂന്നാംവാരത്തോടെ ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും നിയമസഭാ സമ്മേളനം തുടങ്ങുക.
സ്വന്തം ലേഖകൻ