മലപ്പുറം: കോട്ടക്കല് നഗരസഭയില് സാമൂഹ്യക്ഷേമ പെന്ഷനില് വ്യാപക ക്രമക്കേട് കണ്ടെത്തി. നഗരസഭയിലെ ഏഴാം വാർഡിലെ 42 സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ അർഹത ധനകാര്യ പരിശോധന വിഭാഗം പരിശോധിച്ചപ്പോൾ 38 പേരും അനർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാൾ മരണമടഞ്ഞു.
ബിഎംഡബ്ല്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിലുണ്ടെന്നാണ് കണ്ടെത്തിയത്. 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, ഓരോ മുറിയിലും എസി ഘടിപ്പിച്ചവർ തുടങ്ങിയവരും പട്ടികയിലുണ്ട്.
ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമപെൻഷൻ വാങ്ങുന്നതായി കണ്ടെത്തി. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നിൽ അഴിമതിയും ഗൂഡാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോർട്ട് ചെയ്തത്. കോട്ടയ്ക്കൽ നഗരസഭയിലെ മുഴുവൻ ഗുണഭോക്താക്കളുടെയും അർഹത പരിശോധിക്കും.
മുഴുവൻ അനർഹരെയും പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നു ധനവകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയാണ് വിജിലൻസ് അന്വേഷണം.
കോട്ടക്കലിലെ പെന്ഷന് ഗുണഭോക്താക്കളെ സംബന്ധിച്ച് 2022ല് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്ച്ചയായിരിക്കും വിജിലന്സ് അന്വേഷണം. അന്ന് 63 പേര് അനര്ഹമായി പെന്ഷന് വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.
56 പേര് സാമൂഹ്യസുരക്ഷാ പെന്ഷനും ആറു പേര് വിധവ പെന്ഷനും ഒരാള് വികലാംഗ പെന്ഷനുമാണ് വാങ്ങിയിരുന്നത്.