പാലാ: അമ്മയുടെ മരണശേഷം മകൻ പെൻഷൻ കൈപ്പറ്റിയെന്ന് കാണിച്ച് നഗരസഭ അധികൃതർ നോട്ടീസ് അയച്ചു. സത്യസ്ഥിതി മനസിലാക്കാതെയും അന്വേഷിക്കാതെയും ആരോപണം ഉന്നയിച്ചതിൽ മനോവിഷമത്തിലായ മകൻ നഗരസഭാ അധികൃതർക്കെതിരേ മാനനഷ്ടത്തിന് കേസുകൊടുത്തു.
പാലാ ചുങ്കപ്പുരയ്ക്കൽ പി. പോത്തനാണ് നഗരസഭാ അധികൃതർക്കെതിരേ കേസുമായി മുന്നോട്ടുപോകുന്നത്. പോത്തന്റെ മാതാവ് മരിച്ചതിനു ശേഷം പോസ്റ്റുമാൻ കൊണ്ടുവന്ന നാലു മാസത്തെ പെൻഷൻ തുക പോത്തൻ അനധികൃതമായി കൈപ്പറ്റിയെന്ന് കാണിച്ചാണ് മുനിസിപ്പൽ സെക്രട്ടറി നോട്ടീസ് അയച്ചത്. 12 ശതമാനം പലിശ സഹിതം ആയത് തുക തിരികെ അടയ്ക്കമെന്ന് നോട്ടീസിൽ നിർദേശിച്ചിരുന്നു.
നിരപരാധിയായ പോത്തൻ പോസ്റ്റൽ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ അമ്മയുടെ മരണശേഷം പെൻഷൻ തുക പാലാ നഗരസഭയ്ക്ക് തിരിച്ചയച്ചതായി റിക്കാർഡുകൾ സഹിതം മറുപടി ലഭിച്ചു. ഈ തുക എവിടെപ്പോയെന്ന് അന്വേഷിക്കാതെയും സത്യസ്ഥിതി മനസിലാക്കാതെയും ഒരാളെ കുറ്റവാളിയാക്കിയ നടപടിയിൽ പാലാ പൗരാവകാശസമിതി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി മനുഷ്യാവവകാശകമ്മീഷനും മുനിസിപ്പൽ സെക്രട്ടറിയ്ക്കും പരാതി നൽകിയിട്ടുണ്ട്.