ഒറ്റപ്പാലം: ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാൻ സഹകരണ സ്ഥാപനങ്ങൾ കൈപ്പറ്റിയത് 75 കോടി. നടപടി ചോദ്യംചെയ്ത് ലോകായുക്ത സംസ്ഥാന സർക്കാരിനു നോട്ടീസ് അയച്ചു. സംസ്ഥാനത്തു വിവിധ മേഖലകളിലായി അവശത അനുഭവിക്കുന്ന ആളുകൾക്കു സർക്കാർ നല്കുന്ന ക്ഷേമപെൻഷനുകൾ വീട്ടിൽ എത്തിക്കുന്നതിനു സഹകരണ സ്ഥാപനങ്ങളിലെ ആളുകളെയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഇവർക്ക് ഈയിനത്തിൽ കഴിഞ്ഞ ഏഴു ഘട്ടങ്ങളിലായി നല്കിയ പ്രതിഫലം ഇനത്തിലാണ് 75 കോടി രൂപയുടെ ഭീമമായ നഷ്ടം സംസ്ഥാന സർക്കാർ ഖജനാവിന് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒറ്റപ്പാലം നഗരസഭാംഗം പി.എം.എ. ജലീലാണ് ലോകായുക്തയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ലോകായുക്ത ജനവരി 14നു ഹാജരാകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്ഷേമപെൻഷൻ വിതരണം വഴി ഭീമമായ സാന്പത്തിക നഷ്ടമാണ് സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നതെന്നും ഇതു മറികടക്കാൻ സാന്പത്തിക ബാധ്യത ഇല്ലാത്തതും ചെലവുകുറഞ്ഞതുമായ വിതരണ സംവിധാനം ഏർപ്പെടുത്തണമെന്നും ക്ഷേമ പെൻഷൻ വിതരണത്തിൽ ഇപ്പോഴുള്ള സാഹചര്യം അവസാനിപ്പിക്കണമെന്നുമാണ് ഉയർന്നുവന്നിട്ടുള്ള ആവശ്യം.
ഇതുസംബന്ധിച്ച ഹർജി ഫയലിൽ സ്വീകരിച്ച ലോകായുക്ത ധനകാര്യമന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ളവരോട് അടുത്തവർഷം ജനുവരി 14ന് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്. സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങൾ ഭൂരിപക്ഷവും ഭരണം കൈയാളുന്നത് ഇടതുപക്ഷം ആണെന്നിരിക്കെ ഇവർക്കു താത്പര്യമുള്ളവരെ ഉപയോഗിച്ച് ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.
വിവിധ സഹകരണ സ്ഥാപനങ്ങൾ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ ദിവസവേതനാടിസ്ഥാനത്തിലാണ് ആളുകളെ നിയോഗിച്ചിട്ടുള്ളത്. ക്ഷേമപെൻഷനുകളുമായി ഇവർക്കൊപ്പം പ്രദേശത്തെ പ്രാദേശികനേതാക്കളും പെൻഷൻ ഉടമകളുടെ അടുത്തെത്തുന്ന പതിവുണ്ട്.ഇതുവഴി വിവിധ വാർഡുകളിൽ പെൻഷൻ നല്കുന്നതു മേൽപറഞ്ഞ രാഷ്ട്രീയപാർട്ടിയുടെ ഒൗദാര്യത്തിലാണെന്ന പ്രചാരണവും ചിലർ നടത്തിവന്നിരുന്നു.
സിപിഎം ഇതര വാർഡുകളിൽ ഇത്തരത്തിൽ പെൻഷൻ വിതരണത്തിനു സഹകരണ സ്ഥാപന താത്കാലിക ജീവനക്കാരനൊപ്പം നേതാക്കന്മാർ കൂടി വരുന്നതു സംഘർഷത്തിലും അടിപിടിയിലുംവരെ കാര്യങ്ങൾ എത്തിച്ചേരുന്നു.
ക്ഷേമപെൻഷനുകൾ നല്കുന്നത് ഇവരാണെന്ന തെറ്റായ പ്രചാരണം പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്നവർക്കിടയിൽ ഉണ്ടാകുകയും ഇതുവഴി രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുകയുമാണെന്നാണ് സിപിഎം ഇതര കക്ഷികളുടെ ശക്തമായ ആക്ഷേപം.
പെൻഷൻ വിതരണം തങ്ങളുടെ വാർഡുകളിൽ നടത്തുന്പോൾ ബന്ധപ്പെട്ട വാർഡ് കൗണ്സിലറെ അറിയിക്കണമെന്നാണ് രാഷ്ട്രീയപാർട്ടികളുടെ വാദം. എന്നാൽ സംസ്ഥാനത്തു സിംഹഭാഗം വരുന്ന സഹകരണ സ്ഥാപനങ്ങളും ഭരിക്കുന്നത് സിപിഎം ആഭിമുഖ്യത്തിലുള്ള ഭരണസംഘങ്ങളാണ്.
ഇതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത വാർഡുകളിൽ മെന്പർമാരെയോ കൗണ്സിലർമാരെയോ പെൻഷൻ വിതരണ കാര്യം അറിയിക്കാറില്ല. ഇതുതന്നെയാണ് പലപ്പോഴും കാര്യങ്ങളെ കൈയാങ്കളിയിലേക്ക് എത്തിക്കുന്നത്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഈ പ്രശ്നം നിലനില്ക്കുന്നുണ്ട്.
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മുസ്ലിംലീഗ് നേതാവ് കൂടിയായ പി.എം.എ. ജലീൽ ക്ഷേമപെൻഷൻ വിതരണം സഹകരണ സ്ഥാപനങ്ങളിൽനിന്നു മാറ്റുകയോ സംസ്ഥാന സർക്കാരിനു സാന്പത്തിക ബാധ്യത വരാത്ത മറ്റു മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചത്.