കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട് പുത്തൂർ ഷീല കൊലക്കേസ് പ്രതി സന്പത്തിന്റെ പോലീസ് കസ്റ്റഡി മരണത്തിൽ മുൻ പാലക്കാട് ഡിവൈഎസ്പി രാമചന്ദ്രനെ സിബിഐ കോടതി കേസിൽനിന്ന് ഒഴിവാക്കിയെങ്കിലും പെൻഷൻ തടയാൻ സർക്കാർ. കോടതി തന്നെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ നടപടി ഒഴിവാക്കണമെന്ന രാമചന്ദ്രന്റെ അപേക്ഷ ആഭ്യന്തരവകുപ്പു തള്ളി.
കോടതി രാമചന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനു പകരം കേസ് വിടുതൽ ചെയ്യുകയായിരുന്നുവെന്നും അങ്ങനെയുള്ള സർക്കാർ ജീവനക്കാർക്കെതിരേ ആവശ്യമെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുന്നതു നിയമവിരുദ്ധമല്ലെന്നും ഇതുസംബന്ധിച്ചു സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിരവധി വിധിന്യായങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.
രാമചന്ദ്രന്റെ പെൻഷനിൽനിന്നു പ്രതിമാസം 500 രൂപ വീതം മൂന്നുവർഷത്തേക്ക് ഈടാക്കാനാണ് തീരുമാനം.
പിഎസ് സിയുടെ കൂടി ഉപദേശം തേടിയശേഷമാണ് പെൻഷൻ തടയാനുള്ള തീരുമാനം. ക്രിമിനൽ നടപടിയിൽ നിന്നു വിടുതൽ ചെയ്യുന്നതു വകുപ്പുതല നടപടിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് ഈ വിഷയത്തിൽ സർക്കാരിനു ലഭിച്ച നിയമോപദേശം.
കേസിൽനിന്നു ഒഴിവാക്കപ്പെട്ടുവെങ്കിലും രാമചന്ദ്രൻ ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ മേൽനോട്ടക്കുറവ് വരുത്തിയെന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്. സിബിഐയും സമാനമായ കുറ്റങ്ങളാണ് രാമചന്ദ്രനെതിരേ ചുമത്തിയിരുന്നത്.
2010 മാർച്ച് 29നാണ് സന്പത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. പാലക്കാട് പുത്തൂർ സായൂജ്യത്തിൽ വി. ജയകൃഷ്ണന്റെ ഭാര്യ ഷീലയെ 2010 മാർച്ച് 23ന് വീട്ടിൽ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ സന്പത്തിനെ കൂടാതെ മണികണ്ഠൻ, കനകരാജ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അറസ്റ്റ് രേഖപ്പെടുത്താതെ കേസന്വേഷണവും തെളിവെടുപ്പും നടത്തുകയും പ്രതികളെ പാലക്കാട് ടൗണ് നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാക്കാതെ മലന്പുഴയിലുള്ള റിവർസൈഡ് കോട്ടേജിലെത്തിച്ച് മർദിച്ചുവെന്നും അതിനിടെ സന്പത്ത് കൊല്ലപ്പെട്ടുവെന്നുമായിരുന്നു കേസ്.