തിരുവനന്തപുരം: ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം സംസ്ഥാനം വകയിരുത്തിയിട്ടും പെൻഷൻകാർക്ക് തുക കുറച്ചു വിതരണം ചെയ്യുന്നതായി പരാതി.
വിഷു, റംസാൻ ആഘോഷക്കാലത്ത് അനുവദിച്ച രണ്ടു ഗഡു ക്ഷേമപെൻഷനിൽ കേന്ദ്രവിഹിതം ക്യത്യമായി ലഭിക്കാത്തതുമൂലം 400 മുതൽ 1000 രൂപവരെയാണ് കുറയുന്നത്. കേന്ദ്രവിഹിതംകൂടി ലഭിക്കേണ്ട 6.88 ലക്ഷത്തോളം ക്ഷേമപെൻഷൻകാർക്കാണ് തുകയിലെ ഈ കുറവ്.
ക്ഷേമപെൻഷനിലെ കേന്ദ്ര വിഹിതം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ, ഇത് കേന്ദ്രസർക്കാർ മുടക്കുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും പെൻഷൻകാർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ മുൻകൂറായി പണം അനുവദിച്ചിരുന്നു.
കേന്ദ്ര സർക്കാർ വിഹിതം വിതരണം ചെയ്യേണ്ട പിഎഫ്എംഎസ് അധികൃതർക്ക് തുക കൈമാറിയിട്ടും പലർക്കും രണ്ടു ഗഡു കേന്ദ്രവിഹിതം ലഭിച്ചിട്ടില്ല. സാങ്കേതിക തകരാറിന്റെ പേരുപറഞ്ഞ് സംസ്ഥാനം നൽകിയ തുകയും കേന്ദ്രം മുടക്കുകയാണെന്നാണ് പെൻഷൻകാരുടെ ആക്ഷേപം.
കഴിഞ്ഞമാസം വിതരണം പൂർത്തിയാക്കിയ ഒരുഗഡു പെൻഷനിലും ഇതേ പ്രശ്നമുണ്ടായി. 1.94 ലക്ഷം പേരുടെ കേന്ദ്രവിഹിതമാണ് കേന്ദ്രസർക്കാർ അവതാളത്തിലാക്കിയത്. മാർച്ച് 15ന് കേരളം കൈമാറിയ തുക മൂന്നാഴ്ച കഴിഞ്ഞിട്ടും മുഴുവൻ പേർക്കും വിതരണം ചെയ്യാൻ കേന്ദ്ര സർക്കാരിനു കഴിഞ്ഞില്ല.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം) എന്ന നെറ്റ്വർക്ക് വഴി ആക്കണമെന്ന നിർദേശം വന്നു. ഇതനുസരിച്ച് എല്ലാ മാസവും ഈ സംവിധാനം വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ് അറിയിച്ചത്. എന്നാൽ, ഇത് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ ഇത് മുൻകൂറായി നൽകുകയാണെന്നാണ് ധനവകുപ്പ് അധികൃതർ പറയുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള അഞ്ചിനം സാമൂഹികസുരക്ഷാ പെൻഷനുകളിൽ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ മൂന്നിനങ്ങൾക്ക് യഥാക്രമം 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെയാണ് 6.88 ലക്ഷം പേർക്ക് കേന്ദ്രസഹായം ലഭിക്കുന്നത്. ഇതു കൃത്യമായി കിട്ടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം തന്നെ തുക നൽകുന്നത്. തുടർന്ന് റീ-ഇംപേഴ്സ്മെന്റിനായി കേന്ദ്രത്തെ സമീപിക്കുകയാണ് രീതി.
ഇത്തരത്തിൽ 2021 ജനുവരി മുതൽ സംസ്ഥാനം നൽകിയ കേന്ദ്രവിഹിതം കുടിശികയായിരുന്നു. ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടതിനെത്തുടർന്ന് 2023 ജൂണ് വരെയുള്ള കേന്ദ്രവിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രമാണ് സംസ്ഥാനത്തിനു ലഭിച്ചത്. ഇതിനു ശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടുമില്ല.