തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം അവസാനത്തോടെ നൽകാൻ സർക്കാർ തീരുമാനം. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം നൽകാനാണ് തീരുമാനം. അഞ്ച് മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഇതിനായി 1800 കോടി രൂപ വകയിരുത്തും.
ഓണക്കാല ചെലവുകൾക്കായി 5000 കോടി രൂപയെങ്കിലും ആവശ്യമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും.കേന്ദ്ര സർക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിൽ 3753 കോടി അവശേഷിക്കുന്നുണ്ട്. ക്ഷേമ പെൻഷനും മറ്റ് അത്യാവശ്യങ്ങൾക്കുമായി ഇതിൽ 3000 കോടി കടമെടുക്കാനാണ് തീരുമാനം.
ഉത്സവബത്ത, അഡ്വാൻസ് എന്നിവ നൽകാൻ 700 കോടിയോളം രൂപ വേണ്ടി വരും. സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തുക സപ്ലൈകോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 3000 കോടി കൂടെ കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.