ആലപ്പുഴ: സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നവർക്കും തുടർന്നും അത് ലഭിക്കണമെങ്കിൽ നവംബർ 30ന് മുന്പ് അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണമെന്ന ധനവകുപ്പിന്റെ ഉത്തരവ് മനുഷ്യത്വരഹിതമാണെന്ന് മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എ.എം. നസീർ പ്രസ്താവിച്ചു. മസ്റ്ററിംഗ് നടത്താനുള്ള സമയപരിധി ചുരുങ്ങിയത് മാർച്ച് 31വരെയെങ്കിലും നീട്ടണം.
ധനമന്ത്രി തോമസ് ഐസക്ക് വിഷയത്തിൽ മാനുഷിക പരിഗണന നൽകണം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മസ്റ്ററിംഗ് മൂലം പ്രായമായവരും രോഗം കൊണ്ട് വിഷമിക്കുന്നവരും ഉൾപടെയുള്ളവർ ദുരിതത്തിലാകും. കഴിഞ്ഞ 13ന് ഇറക്കിയ സർക്കാർ ഉത്തരവ് 30നകം പൂർത്തീകരിക്കാനാണ് നിർദേശം. ഇത് പ്രായോഗികമല്ല.
46 ലക്ഷത്തോളം വരുന്ന സാമൂഹ്യസുരക്ഷ പെൻഷൻ ലഭിക്കുന്നവരാണ് സംസ്ഥാനത്തുള്ളത്. കുറഞ്ഞ ദിവസം കൊണ്ട് ഇത്രയും പേരുടെ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കഴിയില്ല. ഇപ്പോഴത്തെ നടപടിയിലൂടെ ആയിരങ്ങൾ സാമൂഹ്യ സുരക്ഷ പെൻഷൻ പട്ടികയിൽ നിന്നും പുറത്ത് പോകാൻ കാരണമാകും. സർക്കാർ അടിയന്തരമായി ഉത്തരവ് പുന:പരിശോധിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.