കോഴിക്കോട്: വിഷുനാളുകളില്‍ പെന്ഷന് വാങ്ങാന്‍ സിവിൽസ്റ്റേഷനിലെ പെൻഷൻ ട്രഷറിയില്‍ എത്തിയവര്‍ക്ക് ദുരിതം. ഇന്ന് രാവിലെ മുതല്‍ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് പണിമുടക്കിയതോടെ പെന്ഷന് വിതരണം താറുമാറായി.രാവിലെ എത്തിയവര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്ക്കേണ്ടിവന്നു. കുടിവെള്ളം പോലുമില്ലാതെ വൃദ്ധരും രോഗികളുമായവർ അവശരായി.
വിഷുസീസണായതിനാല് പതിവിലേറെ തിരക്കുണ്ടായിരുന്നു.ടോക്കണ്‍ വിതരണം മെല്ലെപ്പോക്കിലായതോടെപലരോടും തൊട്ടടുത്ത ദിവസം വരാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. വിഷുവിന് മുന്‍പ് ഇന്നും നാളെയും മാത്രമാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. നെറ്റ് വര്‍ക്ക് തകരാറിലാകുന്നത് ട്രഷറിയില്‍ പുതിയ കാര്യമല്ല.
നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കാറില്ലെന്ന് ട്രഷറിയിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പ്രശ്നം പരിഹരിക്കാന്‍ ഇവിടെ സ്ഥിരമായി ബിഎസ്എന്എലില്നിന്നുള്ള ഉദ്യോഗസ്ഥന് ഉണ്ടാകാറുണ്ട്. എന്നിട്ടും ഇവിടെ എത്തുന്നവര്‍ക്ക് കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.