മുക്കം: കഞ്ഞി കുടിക്കാൻ മറ്റുള്ളവരെ ആശ്രയിക്കുന്ന നിർധനന്മാരെ സ്വന്തമായി കാറുള്ള മുതലാളിമാരുടെ പട്ടികയിലാക്കി പെൻഷൻ നിഷേധം. കാരശേരി ഗ്രാമപഞ്ചായത്തിലെ വാർധക്യ കാല പെൻഷൻകാരുടെ പട്ടികയിലാണ് നിരാലംബരും നിർധനരുമായ ഒട്ടേറെയാളുകൾ, സ്വന്തമായി കാറുണ്ടെന്ന കാരണം പറഞ്ഞ് പെൻഷൻ നിഷേധിക്കപ്പെട്ടത്.
അയൽവാസിയുടെയും യാത്രക്കാരുടെയും വാഹനം വല്ലപ്പോഴും മുറ്റത്തോ പറമ്പിലോ നിറുത്തിയിടാൻ സമ്മതം നൽകിയവരും പെൻഷൻ പട്ടികയിൽ നിന്ന് പുറത്തായി. മുരിങ്ങം പുറായി പാറപ്പുറത്ത് മുഹമ്മദ് നാലുചക്ര വാഹനത്തിന്റെ ഉടമയെന്നു പട്ടികയിൽ കാണാം.
വാഹനത്തിന്റെ നമ്പറും കൊടുത്തിട്ടുണ്ട്. ഇത് കണ്ട് അത്ഭുതപ്പെട്ട് പരിശോധിച്ചപ്പോൾ ഈ വാഹനത്തിന്റെ മലപ്പുറം ജില്ലയിലുള്ളയാളാണെന്ന് വ്യക്തമായതായി വാർഡ് മെമ്പർ പി.പി. ഷിഹാബ് പറഞ്ഞു. പർച്ചോല അബ്ദുറഷീദ് നാലുചക്ര വാഹനത്തിന്റെ ഉടമയായി പെൻഷൻ നിഷേധിക്കപ്പെട്ടതും ഈ രീതിയിൽ തന്നെ.
ഇങ്ങിനെ ഒട്ടേറെ പാവങ്ങളുടെ പെൻഷൻ നിഷേധിക്കപ്പെട്ടതായി ആരോപണമുണ്ട്. പെൻഷൻ നിഷേധിക്കപ്പെട്ടതിൽ രാഷ്ട്രീയ ഇടപെടലും പക്ഷപാതിത്വവും നടന്നതായും പരാതിയുണ്ട്.