അനുമോൾ ജോയ്
കണ്ണൂർ: സംസ്ഥാനത്ത് കെട്ടിട നിർമാണ ത്തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് ഒന്പത് മാസമായിട്ടും പെൻഷൻ തുക നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം.
ഓണത്തിന് ഒരുമാസത്തെ പെൻഷൻ നൽകിയിരുന്നെങ്കിലും കുടിശികത്തുക ബാക്കിയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് തൊഴിലാളികൾക്ക് പെൻഷൻ ലഭിച്ചത്.
സംസ്ഥാനത്താകെയുള്ള 3.6 ലക്ഷം പെൻഷൻകാർക്കുമായി 469 കോടി രൂപയാണ് നൽകാനുള്ളത്. 2021നു ശേഷം പെൻഷനായ തൊഴിലാളികൾക്ക് നാളിതുവരെയായി അടച്ച തുകയോ പെൻഷനോ ലഭിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
സംസ്ഥാന ബോർഡിൽനിന്ന് തുക അനുവദിക്കാത്തതിനാലാണ് പെൻഷൻ വിതരണം ചെയ്യാത്തതെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന മറുപടി.
തൊഴിലാളികളിൽനിന്ന് അംശാദായം സ്വീകരിക്കുന്നതിനൊപ്പം കെട്ടിടനിർമാണ ക്ഷേമനിധി സെസിൽനിന്ന് കൂടിയാണ് ബോർഡിന്റെ പ്രവർത്തനത്തിനാവശ്യമായ പണം കണ്ടെത്തുന്നത്.
സെസ് ഇനത്തിൽ വൻ തുക ബോർഡിലേക്ക് എത്താനുണ്ടെന്നും, എന്നാലിത് പിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തം അധികൃതർ കാണിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അതേ സമയം സെസ് പിരിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. പെർമിറ്റോ കെട്ടിട നമ്പരോ നൽകുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് തുക പിരിച്ചെടുക്കാനാകുമെന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.
തൊഴിൽ വകുപ്പാണ് ഇപ്പോൾ സെസ് പിരിക്കുന്നത്.20.73 ലക്ഷം തൊഴിലാളികളാണ് കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളത്. ഇതിൽ 3,60,226 പേരാണ് പെൻഷൻ വാങ്ങിക്കുന്നത്.
പുതിയ അപേക്ഷ പരിഗണിക്കുന്നില്ല
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ പെൻഷൻ ലഭിക്കാനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർ നിരവധി പേരാണ്. ഇവരുടെ അപേക്ഷ ബന്ധപ്പെട്ട അധികൃതർ പരിഗണിക്കുന്നുണ്ടെങ്കിലും തുടർ നടപടികളൊന്നും എടുക്കുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
2022 മുതൽ അപേക്ഷ നൽകിയവരാണ് ക്ഷേമനിധി പെൻഷനിൽ ചേരാനായി കാത്തിരിക്കുന്നത്. എത്രയും വേഗം അപേക്ഷ പരിഗണിച്ച് ക്ഷേമ പെൻഷനു വേണ്ട നടപടികൾ എടുക്കണമെന്നാണ് നിർമാണത്തൊഴിലാളികൾ പറയുന്നത്.
പെൻഷൻ വിതരണത്തിന് പ്രതിമാസം 57കോടിയും മറ്റു ചെലവുകൾക്കായി 10 കോടിയും വേണമെന്നും വരിസംഖ്യയായി 30 കോടി മാത്രമാണ് ലഭിക്കുന്നതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല
നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്കുള്ള പ്രസവാനുകൂല്യവും വിവാഹ ധനസാഹായവും ചികിത്സാ സഹായവുമെല്ലാം മുടങ്ങി കിടക്കുകയാണ്. 2021 സെപ്റ്റംബർ മുതലാണ് ഇവ മുടങ്ങിയരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ വിഹിതമായ 13,000 രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 2,000 രൂപയും ഉൾപ്പെടെ 15,000 രൂപയാണ് പ്രസവാനുകൂല്യമായി ലഭിക്കേണ്ടത്.വിവാഹ ധനസഹായമായി 10,000 രൂപയാണ് നൽകിവന്നത്.
ചികിത്സാസഹായമായി ആശുപത്രിയിൽ ചെലവാകുന്നതിന്റെ ഒരു നിശ്ചിത ശതമാനം തുകയുമാണ് നൽകി വന്നിരുന്നത്. എന്നാൽ രണ്ടു വർഷത്തോളമായി ഇവയൊന്നും ലഭിക്കുന്നില്ലെന്നാണ് നിർമാണ ത്തൊഴിലാളികൾ പറയുന്നത്.