അടിമാലി : ക്ഷേമ പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് പിച്ചച്ചട്ടി ഏന്തി അടിമാലി ടൗണിൽ രണ്ട് വയോധിക സ്ത്രീകൾ.
വിധവാ പെൻഷൻ നൽകുക, പാവങ്ങളോട് നീതി കാണിക്കുക, വൈദ്യുതി ബില്ല് അടയ്ക്കാൻ നിവൃത്തിയില്ല എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡും പിച്ചച്ചട്ടിയും ഏന്തിയാണ് അവർ പ്രതിഷേധിച്ചത്.
പിച്ചച്ചട്ടിയിൽ നാട്ടുകാർ സഹായം നിക്ഷേപിച്ചു. രണ്ടുപേർക്കും കൂടി 1200 രൂപ കിട്ടി. 200 ഏക്കർ കൂന്പൻപാറക്കവല പൊന്നൂടുത്തുപാറ മറിയക്കുട്ടി (87), പൊളിഞ്ഞപാലം താനികുഴി അന്നമ്മ ഒൗസേപ്പ് (80) എന്നിവരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ഇരുവർക്കും പെൻഷൻ ലഭിച്ചിട്ട് അഞ്ചുമാസമായി. റേഷൻകടയിൽ നിന്ന് ഒരു മാസം കിട്ടുന്ന നാലു കിലോ അരികൊണ്ട് ജീവിക്കാൻ കഴിയില്ലെന്നും പെൻഷൻ കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ പറഞ്ഞു.