അടിമാലി: പെന്ഷന് മുടങ്ങി ജീവിതം വഴി മുട്ടിയ വയോധിക ദമ്പതികള്‍ ദയാവധത്തിന് തയാര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധത്തില്‍. അടിമാലി അമ്പലപ്പടിയില്‍ പെട്ടിക്കട നടത്തുന്ന വികലാംഗയായ ഓമന(73)യും ഭര്‍ത്താവ് ശിവദാസു(82)മാണ് പെട്ടിക്കടയ്ക്ക് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. അഞ്ചു മാസമായി ക്ഷേമ പെന്ഷന് മുടങ്ങിയതോടെ ജീവിതം ദുരിത പൂര്‍ണമായെന്ന് ഇവര്‍ പറഞ്ഞു. ഇതോടെയാണ് പെട്ടിക്കടയ്ക്കു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് ഇവര്‍ പ്രതിഷേധമാരംഭിച്ചത്.
അടിമാലി പഞ്ചായത്തിലെ കുളമാംകുഴിക്കുടിയില് താമസിച്ചിരുന്ന ശിവദാസനും ഭാര്യ ഓമനയ്ക്കും പട്ടികവര്‍ഗ വകുപ്പില്‍ നിന്നാണ് കാട്ടു വിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന പെട്ടിക്കട നല്‍കിയത്.
എന്നാല്‍ വനത്തില്‍ പോയി വിഭവങ്ങള്‍ ശേഖരിക്കുന്നതിന് വന്യമൃഗ ശല്യം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യമൂലം സാധിക്കാത്ത അവസ്ഥയാണ്. കൃഷിസ്ഥലം ഉണ്ടെങ്കിലും വിലയിടവും വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും കാരണം ഇതില്‍ നിന്നുള്ള വരുമാനവും നിലച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ പെന്ഷന് മാത്രമായിരുന്നു അടുത്ത കാലത്തെ ഏക ആശ്രയം. ഇതു മുടങ്ങി ജീവിതം ദുരിതത്തിലായതോടെയാണ് ഇവര്‍ പ്രതിഷേധവുമായി എത്തിയത്. പെന്ഷന് ഔദാര്യമല്ല അവകാശമാണെന്നും ഇവര്‍ പറയുന്നു.