ചേർത്തല: ജോലിയിൽ നിന്നു വിരമിച്ച് ഒരുമാസത്തിനുള്ളിൽ മരിച്ച ഭിന്നശേഷിക്കാരന്റെ ആനുകൂല്യങ്ങൾ വായ്പ കുടിശികയുടെ പേരിൽ തടഞ്ഞുവച്ചതായ പരാതിയിൽ സാമൂഹ്യ സുരക്ഷ ഡയറക്ടറോടും ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരോടും വിശദീകരണം നൽകുവാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി.മോഹൻദാസ് നിർദേശം നൽകി.
ഇതുസംബന്ധിച്ച് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ഐസിഡിഎസ് പ്രൊജക്ടിൽ യുഡി ക്ലാർക്കായിരുന്ന വി.എസ് കൃഷ്ണകുമാറിന്റെ ഭാര്യ രാധാമണി നൽകിയ ഹർജിയിലാണ് ഉത്തരവ്. ചേർത്തല നഗരത്തിലെ ട്രാഫിക് പരിഷ്കാരം സംബന്ധിച്ച് ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ നൽകിയ ഹർജിയിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുവാൻ ഉത്തരവായി.
ഇന്നലെ ആകെ 52 പരാതികൾ പരിഗണിച്ചതിൽ 11 എണ്ണം തീർപ്പാക്കുകയും പുതിയതായി ഒൻപത് ഹർജികൾ സ്വീകരിക്കുകയും ചെയ്തു. അടുത്ത സിറ്റിങ് ഒക്ടോബർ 25ന് ചേർത്തല ഗെസ്റ്റ് ഹൗസിൽ നടക്കും.