പെരുനാട്: വാര്‍ധക്യ പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താവിന് ഇല്ലാത്ത അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി പരാതി. ഇതു സംബന്ധിച്ച് വയോധിക ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് ഇടപ്ര കൂനംകര പൂളിമൂട്ടില്‍ തങ്കമ്മ കൊച്ചുകുഞ്ഞാ (77) ണ് പരാതിക്കാരി.
ഇവര്‍ 2015 ഡിസംബര്‍ ഒന്നുമുതല്‍ പെരുനാട് ഗ്രാമപഞ്ചായത്തില്‍ നിന്ന് വാര്‍ധക്യ പെന്ഷന് കൈപ്പറ്റുന്ന ആളാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പെരുനാട് സെന്‍ട്രല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് തുക വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം ബാങ്കില്‍ ചെന്നപ്പോള്‍ 600 രൂപയാണ് ലഭിച്ചതെന്ന് തങ്കമ്മ പറയുന്നു.
പഞ്ചായത്ത് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ പണം കൃഷിഭവനില്‍ അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. അവിടെ തിരക്കിയപ്പോള്‍ നാറാണംമൂഴി എസ്ബിടി ശാഖയില്‍ പണം ഉണ്ടെന്നുള്ള മറുപടിയാണ് ലഭിച്ചത്.
എന്നാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള താന്‍ ഇതേവരെ ഈ ബാങ്കില്‍ പോകുകയോ അക്കൗണ്ട് എടുക്കുകയോ ചെയ്തിട്ടില്ലെന്ന് തങ്കമ്മ പറയുന്നു. അതിനാല്‍ തനിക്ക് ലഭിച്ചുകൊണ്ടിരുന്ന പെന്ഷന് തുടര്‍ന്ന് ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇവര്‍ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.