കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പില് തദ്ദേശസ്വയംഭരണ വകുപ്പ് ആഭ്യന്തര വിജിലന്സ് സംഘം നഗരസഭയില് പരിശോധന നടത്തി. പെന്ഷന് അക്കൗണ്ടില്നിന്നു മൂന്നു കോടി രൂപയ്ക്കു മുകളില് നഗരസഭാ ജീവനക്കാരന് തട്ടിയെടുത്തന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പെന്ഷന് വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലര്ക്കാണ് നഗരസഭയുടെ അക്കൗണ്ടില് നിന്നു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്കു മൂന്നു കോടിയോളം രൂപ പലതവണകളായി മാറ്റിയത്. നഗരസഭയിലെ ക്ലര്ക്കായിരുന്ന കൊല്ലം മങ്ങാട് ആന്സി ഭവനില് അഖില് സി. വര്ഗീസിനെതിരേ നഗരസഭ സെക്രട്ടറിയുടെ പരാതിയില് ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.
തട്ടിപ്പു നടത്തിയെന്ന ആരോപണമുയര്ന്ന നഗരസഭയിലെ മുന് ഉദ്യോഗസ്ഥന് അഖില് കഴിഞ്ഞ മാസവും കോട്ടയം നഗരസഭയില് എത്തി പെന്ഷന് ബില് തയാറാക്കിയതായും വിജിലന്സ് സംഘത്തിനു വിവരം ലഭിച്ചു. വൈക്കം നഗരസഭയില് ജോലി ചെയ്തിരുന്ന അഖില് കോട്ടയം നഗരസഭയിലെ ഇതേ വിഭാഗത്തില് ജോലിചെയ്യുന്ന ക്ലര്ക്കിനെ സഹായിക്കാന് എന്ന വ്യാജേനയാണ് ഇവിടെ എത്തിയത്.
ഈ വിഭാഗത്തിലെ ക്ലര്ക്കായ യുവതിയെ സഹായിക്കുന്നു എന്ന വ്യാജേനെ അഖില് കഴിഞ്ഞ മാസവും പണം വകമാറ്റിയാതായണു വിവരം. പെന്ഷന് ഗുണഭോക്താക്കളുടെ പട്ടിക നഗരസഭയില് എക്സല് ഷീറ്റിലാണ് തയാറാക്കിയിരുന്നത്. ഈ എക്സല് ഷീറ്റില് ക്രമ വിരുദ്ധമായി പേരുകളും തുകയും എഴുതി ചേര്ത്താണ് ക്രമക്കേടു നടത്തിയിരുന്നത്.
എക്സല് ഷീറ്റില് ആകെയുള്ള പെന്ഷന്കാരുടെ നമ്പരിലും ആകെയുള്ള തുകയിലുമാണു ക്രമക്കേടു നടത്തിയിരുന്നത്. സ്വന്തം അമ്മയുടെ പെന്ഷന് ഇനത്തിലും ഫാമിലി പെന്ഷന് ഇനത്തിലും വലിയൊരു തുക അഖില് മാസംതോറും സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയിരുന്നതായും വിജിലന്സ് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ കൊല്ലം നഗരസഭയില് ജോലി ചെയ്യുന്നതിനിടെ 40 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിന് ഇയാളെ സസ്പെന്ഡ് ചെയ്തിരുന്നു. എന്നാല് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അയാള് തിരികെ സര്വീസില് കയറുകയായിരുന്നു.
ഈരാറ്റുപേട്ട നഗരസഭയില് ജോലി ചെയ്യുന്ന സമയത്തും ഇയാള്ക്കെതിരേ സാന്പത്തികക്രമക്കേട് അടക്കമുള്ള ആരോപണങ്ങള് ഉയര്ന്നിരുന്നു.സംഭവത്തില് പ്രതിഷേധിച്ച് എല്ഡിഎഫും ബിജെപിയും നഗരസഭയിലേക്ക് മാര്ച്ചും യുഡിഎഫ് കളക്ടറേറ്റിലേക്ക് മാര്ച്ചും നടത്തി.