തലശേരി: ക്ഷേമ പെന്ഷന് വിതരണത്തില്‍ ആറ് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പോലീസ് ചോദ്യം ചെയ്യും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും സിപിഎം ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.കെ ബിജുവിനെയാണ് സാമ്പത്തിക ക്രക്കേടുകളുടെ പേരില്‍ പോലീസ് ചോദ്യം ചെയ്യുക. തലശേരി സഹകരണ റൂറല്‍ ബാങ്ക് അധികൃതരുടെ പരാതി പ്രകാരം കഴിഞ്ഞ ദിവസം വിശ്വാസ വഞ്ചനക്ക് ബിജുവിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു.
ഇയാള്‍ പിഗ്മി കളക്ടറായി ജോലി ചെയ്തിരുന്ന തലശേരി സഹകരണ റൂറല്‍ ബാങ്കിലും പോലീസ് തെളിവെടുപ്പ് നടത്തും. ബാങ്കിലെ കളക്ടഷന്‍ ഏജന്റായ ബിജു നഗരപ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനില്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി തലത്തിലും അന്വേഷണം നടത്തിയിരുന്നു.