തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിലെ 373 പേർക്കെതിരേ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. ഇവരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. അനർഹമായ പെൻഷൻ തട്ടിയെടുത്ത ജീവനക്കാരിൽ നിന്നു പെൻഷൻ തുകയും പതിനെട്ട് ശതമാനം പലിശയും ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് നടപടിയെടുക്കാൻ ബന്ധപ്പെട്ട് വകുപ്പ് മേധാവിമാർക്ക് ഉത്തരവിട്ടു. ഇവർക്കെതിരെ വകുപ്പ്തല അച്ചടക്ക നടപടിയെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ സർക്കാർ ഉദ്യോഗസ്ഥരിൽ ഏറ്റവും അധികം പേർ ആരോഗ്യവകുപ്പിലാണ്.
ആരോഗ്യവകുപ്പിലെ അറ്റൻഡർ, നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സ്, ക്ലർക്ക്, ടൈപ്പിസ്റ്റ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽപ്പെടുന്നത്. നേരത്തെ കൃഷിവകുപ്പിലും പൊതുഭരണ വകുപ്പിലും ഉൾപ്പെടെ പെൻഷൻ തട്ടിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയെടുത്തിരുന്നു.
പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ് നല്കിയിരുന്നു. 18 ശതമാനം പലിശ നിരക്കിൽ അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്നായിരുന്നു നോട്ടീസിൽ. ഭൂരിഭാഗം വകുപ്പുകളിലുമായി ആയിരത്തിലേറേ പേരാണ് അനർഹമായി പെൻഷൻ തട്ടിയെടുത്തവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗസറ്റഡ് റാങ്കിലുള്ളവരും ആഡംബര കാറുകളും ആഡംബര വീടുകൾ ഉള്ളവരും ഇക്കൂട്ടത്തിൽപ്പെടുന്നുണ്ട്.