തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി ആരംഭിച്ച് സർക്കാർ. കൃഷിവകുപ്പിലെ ആറ് ജീവനക്കാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
കാസർഗോഡ് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് 2 കെ.എ. സാജിത, വടകര ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ്, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജി. ഷീജാകുമാരി. മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ പി. ഭാർഗവി, മീനങ്ങാടിയിലെ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ കെ. ലീല, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ ജെ. രജനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഇവർ അനധികൃതമായി കൈപ്പറ്റിയ ക്ഷേമ പെൻഷൻ തുകയ്ക്ക് പതിനെട്ട് ശതമാനം പലിശ ഉൾപ്പെടെ തിരിച്ചു പിടിക്കും.വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നുവെന്ന് കാട്ടിയുള്ള വിശദമായ പട്ടിക ധനകാര്യ വകുപ്പ് എല്ലാ വകുപ്പു മേധാവികൾക്കും കൈമാറിയിരുന്നു. ഈ സംഭവത്തിൽ കൃഷിവകുപ്പാണ് ആദ്യം നടപടി സ്വീകരിച്ചിരിക്കുന്നത്. മറ്റ് വകുപ്പുകൾ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
1,458 സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വാങ്ങിയിരുന്നെന്ന് ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. കൃഷിവകുപ്പിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നതിന് കാർഷിക വികസന കമ്മീഷൻ ഉൾപ്പെടെ ശിപാർശ ചെയ്തിരുന്നു.
ക്ഷേമ പെൻഷൻ തട്ടിപ്പ് വിവരം പുറത്ത് വന്നതോടെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു.
കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി ക്ഷേമ പെൻഷൻ തട്ടിയെടുത്തതിൽ ബെൻസ് കാറുകളും ആഡംബര വീടുകളും ഉൾപ്പെടെയുള്ളവരും ഗസറ്റ് ഓഫീസർമാരും ഉൾപ്പെടുന്നുണ്ട്.
ഭരണപക്ഷ അനുകൂല സർവീസ് സംഘടന ജീവനക്കാരാണ് തട്ടിപ്പ് വ്യാപകമായി നടത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേ സമയം 1458 ജീവനക്കാരിൽ ആറ് പേർക്കെതിരെ മാത്രമാണ് ഇപ്പോൾ സർക്കാർ നടപടിയെടുത്തിരിക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ സർക്കാർ നടപടി ഇഴയുകയാണ്.