കോഴിക്കോട്: ഭാര്യയുടെ പെന്ഷന് പണം ഉപയോഗിച്ചാണ് മകള്‍ കമ്പനി തുടങ്ങിയത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ട്രോളാക്കി സോഷ്യല്‍ മീഡിയയില്‍ സൈബര്‍ യുദ്ധം.
സാമൂഹ്യ പെന്ഷന് മുടങ്ങിയ കേരളത്തിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പെന്ഷന് പ്രസ്താവനയെ കൂട്ടിയിണക്കികൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ പാര്‍ട്ടികളും എതിരാളികളും സര്‍ക്കാരിനെതിരേ ആഞ്ഞടിക്കുന്നത്.
ഭാര്യ റിട്ടയർ ചെയ്തപ്പോള്‍ കിട്ടിയ പെന്ഷന് തുക കൊണ്ടാണ് മകള്‍ വീണ എക്സോലോജിക് കമ്പനി തുടങ്ങിയതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ ആക്ഷേപങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. വീണ വിജയന്റെ കമ്പനി എക്സാലോജിക്കും സിഎംആര്‍എലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ കൂടിയായിരുന്നുപ്രതികരണം.
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ ട്രോളാക്കി മാറ്റി ശക്തമായ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷവും ബിജെപിയും. മുഖ്യമന്ത്രി കോമഡി നിര്‍ത്തണമെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണം. “ഇതാ മോളെ എന്റെ പെന്ഷന് തുക..ഒരു കമ്പനി തുടങ്ങുമോ’ എന്ന് ചോദിച്ചുള്ള പരിഹാസ കാര്‍ട്ടൂണുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അമ്മയുടെ പെന്ഷന് കൊണ്ട് ബംഗളൂരുവില്‍ ബിസിനസ് തുടങ്ങിയ കേരളത്തിലെ ഏക മലയാളി വനിതയുടെ പേരെന്താമക്കളേ… , കോടികളുടെ ബിസിനസ് തുടങ്ങാന്‍ പെന്‍ഷനുമായി വരുന്ന അമ്മ, ഈ കാപ്സ്യൂള്‍ കൈയില്‍ വച്ചേക്ക് മാമ, മോനേ ബാങ്കില്‍ ഉണ്ടായിരുന്ന അമ്മയുടെ പെന്ഷന് കാശോക്കെ എന്ത് ചെയ്തു…അയ്യോ അത് കമ്പനി തുടങ്ങി അമ്മേ…
തുടങ്ങിയ സചിത്ര ട്രോളുകളാണ് സോഷ്യല്‍ മീഡിയ കൈയടക്കുന്നത്. സമീപകാലത്ത് മുഖ്യമന്ത്രിയെ ട്രോളാന്‍ കിട്ടിയ സന്ദര്‍ഭം രാഷ്ട്രീയ എതിരാളികള്‍ ശരിക്കും ഉപയോഗിക്കുകയാണ്. മറുമരുന്നുമായി സിപിഎം സൈബര്‍ പോരാളികളും രംഗത്തെത്തിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍