തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ മറവിൽ വ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിൽ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരുടെയും പട്ടിക പുനഃപരിശോധിക്കാൻ ധനകാര്യ വകുപ്പ് നടപടി തുടങ്ങി.
അനർഹരെ കണ്ടെത്തുന്നതിനും ക്ഷേമ പെൻഷൻ തട്ടിപ്പ് കൂടുതൽ ഉണ്ടോയെന്നു ഉറപ്പ് വരുത്താനുമാണ് നടപടി കൊണ്ട് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡ് തലത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥർ തന്നെ വ്യാപകമായി തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ക്രമക്കേട് നടത്തിയ ഉദോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണത്തിനും നിർദേശം നൽകിയിരിക്കുകയാണ്.
ഉയർന്ന ശമ്പളം വാങ്ങുന്ന പല ഉദ്യോഗസ്ഥരും തട്ടിപ്പ് നടത്തിയത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഒന്നടങ്കം അപമാനമായി മാറിയിരിക്കുകയാണ്.
തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരം പുറത്ത് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്. അറുപതു ലക്ഷത്തിൽപരം ആളുകളാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നത്.